വയനാട് ജില്ലയിലെ തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കോളനിയിലെത്തി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാവോയിസ്റ്റിൻ്റെ പ്രവർത്തകർ രാഷ്ട്രീയ പ്രചരണം നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രി പിണറായി വിജയനെ നരഭോജിയെന്നും മരണത്തിൻ്റെ വ്യാപാരിയെന്നും രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പതിച്ച ശേഷമാണ് സംഘം മടങ്ങിയത്. മാവോയിസ്റ്റ് പാർട്ടി പ്രവർത്തകരെ കേരള പൊലീസ് വ്യാജ ഏറ്റുമുട്ടലുകളിലൂടെയാണ് കൊലപ്പെടുത്തിയിട്ടുള്ളതെന്ന വിമർശനം നിലനിൽക്കെയാണ് ആദ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പോസ്റ്റർ പ്രചരണം മാവോയിസ്റ്റുകൾ പരസ്യമായി തന്നെ നടത്തിയിരിക്കുന്നത്.
‘മിസ്റ്റർ പിണറായി വിജയൻ, നിങ്ങൾ കേരളം കണ്ട ഏറ്റവും നരഭോജിയായ മുഖ്യമന്ത്രിയാണ്. നിങ്ങളെയിനി സോഷ്യൽ ഫാസിസ്റ്റ് എന്നോ മുണ്ടുടുത്ത മോദിയെന്നോ ആരും വിളിക്കില്ല. നിങ്ങൾ മനുഷ്യന്‍റെ കരൾ കൊത്തിവലിക്കുന്ന കഴുകനാണ്. മരണത്തിന്‍റെ വ്യാപാരിയാണ് ”- ഇങ്ങനെയാണ് പോസ്റ്ററിലെ വരികൾ.
പ്രത്യേകം പരിശീലിപ്പിച്ച തണ്ടർ ബോൾട്ട് പോലീസ് സേനയെയടക്കം പശ്ചിമഘട്ട പ്രദേശങ്ങളിൽ സർക്കാർ വിന്യസിച്ചിട്ടുണ്ടെന്നിരിക്കെയാണ് അതിനെയൊക്കെ വെല്ലുവിളിച്ചുകൊണ്ട് മാവോയിസ്റ്റ് സായുധസംഘം പരസ്യമായെത്തി രാഷ്ട്രീയ പ്രചരണം നടത്തിയിരിക്കുന്നത്. ഇതിനകം നിരവധി മാവോയിസ്റ്റ് പാർട്ടി പ്രവർത്തകരെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിട്ടും പശ്ചിമഘട്ടത്തിലെ പാർട്ടി പ്രവർത്തനം അവർ ശക്തിപ്പെടുത്തുന്നതായാണ് ഈ സംഭവമടക്കം നൽകുന്ന സൂചന.
സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ പോകുന്ന കൊച്ചി-കോയമ്പത്തൂർ വ്യാവസായിക ഇടനാഴിയുടെ പദ്ധതിപ്രദേശങ്ങൾ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ തങ്ങൾക്ക് ഇതൊരു വളക്കൂറുള്ള പ്രദേശമായി മാറുമെന്ന കണക്കുകൂട്ടലിലാണ് മാവോയിസ്റ്റുകൾ. പദ്ധതി നടപ്പിലാക്കപ്പെടുമ്പോൾ ഉണ്ടാകാൻ ഇടയുള്ള പ്രതിഷേധങ്ങളും, പ്രദേശങ്ങളിൽ തൊഴിലാളികളുടെ കേന്ദ്രീകരണം സംഭവിക്കലും മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഭാവി പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ചശേഷമാണ് മാവോയിസ്റ്റുകൾ പശ്ചിമഘട്ടത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ആദിവാസി, കർഷക വിഭാഗങ്ങൾക്കു പുറമെ വ്യവസായ തൊഴിലാളികൾക്കിടയിലുള്ള പ്രവർത്തനവും ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ അവർ ലക്ഷ്യം വെക്കുന്നതെന്നുവേണം കരുതാൻ.