ജനറൽ ഇൻഷുറൻസ് കുത്തകൾക്ക്; ബിൽ പാസാക്കി ലോക്സഭ; പ്രീമിയം, തേഡ് പാർട്ടി ഇൻഷുറൻസ് എന്നിവയിലടക്കം സാധാരണക്കാർക്ക് തിരിച്ചടി

രാജ്യത്തെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ സ്വകാര്യവൽകരണം ലക്ഷ്യമിട്ടുള്ള ജനറല്‍ ഇന്‍ഷുറന്‍സ് നിയമഭേദഗതി ബില്‍ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ പാസാക്കി. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം വെട്ടിക്കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ബില്‍. ജനങ്ങളുടെ പണം വിപണിയിൽ കൂടുതലായി എത്തിക്കുകയാണ് ലക്ഷൃമെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വിശദീകരണം. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സര്‍ക്കാർ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ താഴെയാക്കാന്‍ അനുവദിക്കുന്നതാണ് ബില്‍. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരിവില്‍പ്പന സമ്പദ് വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും പോളിസിയുടമകളുടെ താത്പര്യം സംരക്ഷിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പുതിയ ബിൽ എന്നും സര്‍ക്കാര്‍ പറയുന്നു.

രാജ്യത്ത്‌ പ്രതിവർഷം 2 ലക്ഷം കോടിയോളം രൂപയുടെ ഇടപാടാണ്‌ ജനറൽ ഇൻഷുറൻസ്‌ മേഖലയിൽ നടക്കുന്നത്‌. ഇതിൽ കണ്ണുവച്ചിരിക്കുന്ന വിദേശ കുത്തകകൾക്കു വേണ്ടിയാണ്‌ പരിഷ്‌കാരങ്ങളെന്ന് വിമർശനമുണ്ട്.  രാജ്യസഭയിലും ഇതേരീതിയിൽ ബിൽ പാസാക്കാനാണ്‌ സർക്കാർ നീക്കം. ബിൽ നിയമമാകുന്നതോടെ നഷ്ടപരിഹാരം പ്രതിസന്ധിയിലാകുമെന്നും വിമർശനം ഉയരുന്നു. ജനറൽ ഇൻഷുറൻസ്‌ സ്ഥാപനങ്ങൾ രാജ്യത്തെയും വിദേശത്തെയും സ്വകാര്യ കമ്പനികൾ കൈയടക്കുന്നതോടെ വാഹനങ്ങളുടെ തേർഡ്‌ പാർടി ഇൻഷുറൻസ്‌ അടക്കമുള്ള മേഖലകളിൽ  പ്രീമിയം നിശ്ചയിക്കൽ, നഷ്ടപരിഹാരം എന്നിവയിൽ സാധാരണക്കാരുടെ താൽപ്പര്യം ഹനിക്കപ്പെടും. കേസുകളുടെ നടത്തിപ്പ്‌ സങ്കീർണമാകും. പൊതുമേഖലാ സ്ഥാപനങ്ങൾ ഇല്ലാതാകുന്നതോടെ തൊഴിൽ സ്ഥിരതയും നിയമനത്തിലെ സംവരണവും അവസാനിക്കുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ജനറൽ ഇൻഷുറൻസ്‌ കോർപറേഷനിലും അനുബന്ധ സ്ഥാപനങ്ങളായ നാഷണൽ, ന്യൂ ഇന്ത്യ, ഓറിയന്റൽ, യുണൈറ്റഡ്‌ ഇന്ത്യ എന്നിവയിലും കേന്ദ്രസർക്കാരിന്‌ 51 ശതമാനമെങ്കിലും ഓഹരി പങ്കാളിത്തം ഉറപ്പാക്കുന്ന 1972ലെ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണ്‌ ലോക്‌സഭ പാസാക്കിയത്‌. കേന്ദ്ര സർക്കാരിന്‌ ഇവയിൽ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശവും ഭൂരിപക്ഷം ഡയറക്ടർമാരെ നിയമിക്കാനുള്ള അവകാശവും ഇല്ലാതാകും. ജീവനക്കാരുടെ കാര്യത്തിൽ കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ഡയറക്ടർ ബോർഡിന്‌ മാറ്റാം. പുതിയ ഇനം ഇടപാടുകൾ നടത്താൻ ജനറൽ ഇൻഷുറൻസ്‌ ബിസിനസിന്റെ നിർവചനവും ഭേദഗതി ചെയ്‌തിട്ടുണ്ട്‌.

Share This News

0Shares
0