തിരുവനന്തപുരത്ത് പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയിൽ പെട്ടായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ എട്ടു പേർ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. നിസ്സാമുദ്ദീൻ, സിദ്ധീഖ്, സൈദലി, കബീർ, ഷാക്കിർ, നഹാസ്, സുബൈർ, മുജീബ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 6 മണിയോടെയാണ് അപകടം.
മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്ത് ഉണ്ടായ ശക്തമായ തിരയിൽ പ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട വള്ളത്തിൽ മറ്റൊരു വള്ളം ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പുലിമുട്ടിൽ ഇടിച്ചുകയറിയ വള്ളം പൂർണമായും തകർന്നു. പെരുമാതുറ സ്വദേശികളുടെ ഹസ്ബി റബ്ബി എന്ന വള്ളത്തിൽ സെന്റ് ജോസഫ് എന്ന മറ്റൊരു വള്ളം ഇടിക്കുകയായിരുന്നു. 23 പേർ അടങ്ങുന്ന സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. ഇവരെ മറ്റ് മത്സ്യ തൊഴിലാളികൾ എത്തി രക്ഷപ്പെടുത്തി. അപകടത്തിൽ തകർന്ന വള്ളത്തിലുണ്ടായിരുന്ന വല സെന്റ് ജോസഫ് വള്ളത്തിൽ കുരുങ്ങി. ഈ വള്ളവും വലയും കരയ്ക്കെത്തിക്കാനും അപകടമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികൾ രംഗത്തിറങ്ങി.