കേന്ദ്രസർക്കാരിൻ്റെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്ന തദ്ദേശഭരണ പ്രതിനിധികൾ മുതൽ എംപിമാർ വരെയുള്ളവരെ സ്വന്തം നാടുകളിൽ നിന്നും പുറത്താക്കുകയും അവരുടെ കുടുംബങ്ങൾക്കുള്ള എല്ലാ സേവനങ്ങളും ബഹിഷ്കരിക്കുകയും ചെയ്യണമെന്ന് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയുടെ പേരിൽ ആഹ്വാനം. വക്താവ് അഭയ് ഇറക്കിയ പ്രസ്താവനയിലാണ് ആഹ്വാനം. ബ്രാഹ്മണ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ സാമ്രാജ്യത്വ അനുകൂല നയങ്ങൾക്കെതിരെ കർഷകർ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ഏറ്റെടുത്തില്ലെങ്കിൽ പ്രശ്നങ്ങളൊന്നും അടിസ്ഥാനപരമായി പരിഹരിക്കപ്പെടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടം കർഷകരുമായി മാത്രം ബന്ധപ്പെട്ടതല്ല. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് റേഷൻ ഡിപ്പോകളിലൂടെ ലഭിക്കുന്ന സാധനങ്ങൾ നഷ്ടപ്പെടും. ഒരു രാജ്യം ഒരു റേഷൻ കാർഡ് ഉപയോഗിച്ച് നടപ്പിലാക്കുന്ന പാവപ്പെട്ടവർക്കുള്ള സബ്സിഡി അരി നിർത്തലാക്കും. കേന്ദ്ര സർക്കാർ റേഷൻ ഡിപ്പോകൾക്കായി ചെലവഴിച്ചിരുന്ന 3 ലക്ഷത്തി 17 ആയിരം കോടി രൂപയുടെ സബ്സിഡി പിൻവലിക്കാൻ പോവുന്നു. പുതിയ കാർഷിക നിയമങ്ങൾ ജനങ്ങളുടെ ജീവിതത്തെ പല തരത്തിൽ ശ്വാസംമുട്ടിക്കും. ഈ നിയമങ്ങളെ അപലപിക്കാനും ഇതിനെതിരെ പോരാടാനും രാജ്യത്തെ എല്ലാ ജനങ്ങളോടും ആഹ്വാനം ചെയ്യുന്നു. സംസ്ഥാനങ്ങളിലെ അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കാർഷിക നിയമങ്ങൾ റദ്ദാക്കാനായി കർഷക നേതാക്കൾ പോരാടുന്നത് പ്രശംസനീയമാണ്. വരുന്ന വർഷം ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിൽ ബ്രാഹ്മണ്യ ഹിന്ദുത്വ ശക്തികളെ പരാജയപ്പെടുത്തണം. അതേസമയം ഈ പാർലമെന്ററി രാഷ്ട്രീയ പാർട്ടികളുടെ യഥാർത്ഥ നിറം മറക്കരുത്. രാജ്യത്ത് സാമ്രാജ്യത്വ നവലിബറൽ സാമ്പത്തിക നയങ്ങൾ നടപ്പാക്കാൻ ഇവരെല്ലാം പ്രതിജ്ഞാബദ്ധമാണെന്ന് നാം ഓർക്കണം. ഈ പാർട്ടികളുടെ വിനാശകരമായ നയങ്ങൾ ഇന്ത്യൻ കാർഷിക മേഖലയുടെ ഇന്നത്തെ ഭയാനകമായ അവസ്ഥയിലേക്ക് നയിച്ചു. അതിനാൽ, കർഷകർക്ക് വേണ്ടി നിലകൊള്ളുന്ന ശക്തികളുമായും സംഘടനകളുമായും ഒന്നിച്ച് ചേരാനും കാർഷിക നിയമങ്ങൾ അസാധുവാക്കുന്നതിനായി ഡൽഹി കേന്ദ്രീകരിച്ച് അവസാനം വരെ പോരാടാനും അഭ്യർത്ഥിക്കുന്നു. ഡൽഹിയിൽ നിന്ന് കർഷകരെ തുരത്താനുള്ള സർക്കാരിന്റെ ഗൂഢാലോചനകളെ പരാജയപ്പെടുത്തണമെന്നും പ്രസ്താവനയിൽ പറയുന്നു.