രമ്യ ഹരിദാസ് എം പിയടക്കമുള്ളവരുടെ കോവിഡ് നിയമലംഘനം: മർദ്ദനമേറ്റ യുവാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു

രമ്യ ഹരിദാസ് എംപിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത് മൊൈബൈലിൽ പകർത്തിയ  യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ  മുന്‍ എംഎല്‍എ വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. രമ്യ ഹരിദാസ് എംപിയും വിടി ബല്‍റാമും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും  നഗരത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി.   ഇവർ ഭക്ഷണം കഴിക്കാൻ ഹോട്ടലിനുള്ളിൽ ഇരിക്കുന്നതു കണ്ട യുവാവ് അത് മൊബൈലിൽ പകർത്തി. ഹോട്ടലിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് യുവാവ് രമ്യ ഹരിദാസ് എംപിയോടു പറയുകയും ചെയ്തു. തുടർന്നാണ് സംഘം തന്നെ മര്‍ദ്ദിച്ചതെന്ന് യുവാവ് പരാതിയിൽ പറയുന്നു.

എംപി അടക്കമുള്ളവർ നടത്തിയ നിയമ ലംഘനത്തിൻ്റെ വീഡിയോ യുവാവ് പുറത്തു വിട്ടിരുന്നു. യുവാവ് വീഡിയോ പകര്‍ത്തിയത് ചോദ്യം ചെയ്യുകയാണ് തങ്ങൾ ചെയ്തതെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ന്യായീകരണം.  ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു. യുവാവിൻ്റെ പരാതിയിൽ സിസിടിവി ദൃശ്യം വിശ​ദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. എം പി ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ചും ഇതിനു ശേഷം തീരുുമാനിക്കും. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.  ലോക്ഡൗണ്‍ ലംഘനം നടത്തിയതിന് ഹോട്ടലിനെതിരെയും പൊലീസ്  കേസെടുത്തിട്ടുണ്ട്.

Share This News

0Shares
0