‘മിലെ മുലായം കാൻഷി റാം, ഹവാ ഹൊ ഗയേ ജയ്ശ്രീറാം’ ; ബിഎസ്പിയുടെ രാമക്ഷേത്ര പ്രഖ്യാപനത്തിൽ ഇടഞ്ഞ് പാർട്ടിയിലെ മുസ്ലീം വിഭാഗം

“മിലെ മുലായം കാൻഷി റാം, ഹവാ ഹൊ ഗയേ ജയ്ശ്രീറാം” (മുലായവും കാൻഷിറാമും ഒത്തുചേരുമ്പോൾ ജയ്ശ്രീറാം അപ്രത്യക്ഷമാകുന്നു). മുലായം സിങ്ങിന്റെ എസ്പിയും കാൻഷിറാമിന്റെ ബിഎസ്പിയും തമ്മിലുള്ള സഖ്യത്തിൻ്റെ മുദ്രാവാക്യമായിരുന്നു ഇത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനുശേഷം നടന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാമക്ഷേത്ര പ്രചാരണത്തിന് തടയിട്ട പ്രശസ്ത മുദ്രാവാക്യം.1993ലെ ആ തെരഞ്ഞെടുപ്പിൽ എസ്പി-ബിഎസ്പി സഖ്യം ഉത്തർപ്രദേശിൻ്റെ ഭരണം പിടിക്കുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്കിപ്പുറം ഉത്തർപ്രദേശിൽ കാര്യങ്ങൾ നേരെ തിരിഞ്ഞിരിക്കുകയാണെന്ന വിമർശനം ഉയർത്തിയിരിക്കുകയാണ് ബിഎസ്പിയിലെ മുസ്ലീം വിഭാഗം.

അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ്  നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്ര നിർമാണം വേഗത്തിലാക്കുമെന്ന, ബിഎസ്പിയിലെ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവ് സതീശ് ചന്ദ്ര മിശ്രയുടെ പ്രഖ്യാപനമാണ് മുസ്ലീം വിഭാഗത്തിൽ അമർഷത്തിന് ഇടയാക്കിയിരിക്കുന്നത്. മായാവാതിയുടെ വിശ്വസ്തനാണ് സതീശ് ചന്ദ്ര മിശ്ര.  ബ്രാഹ്മണ സമ്മേളനം വിളിച്ചുകൂട്ടിയാണ് സതീശ് ചന്ദ്ര മിശ്ര പ്രഖ്യാപനം നടത്തിയത്.

ബിജെപിയിൽ നിന്നും ബിഎസ്പിക്ക് ഒരു വ്യത്യാസവുമില്ലെന് കാണിക്കുന്നതാണ് ഈ പ്രഖ്യാപനമെന്ന് അംബേദ്കർ നഗറിലെ  മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ബിഎസ്പി നേതാവ് മുഹമ്മദ് ഖ്വായിസ് തുറന്നടിച്ചു. സതീശ് ചന്ദ്ര മിശ്രയുടെ പ്രസംഗം നടക്കുമ്പോൾ ജയ് ശ്രീറാം വിളികളാണ് മുഴങ്ങിക്കേട്ടത്. 2022ലെ തെരഞ്ഞെടുപ്പിൽ ഇതാണോ ബിഎസ്പിയുടെ മുദ്രാവാക്യമെന്ന് ഖ്വായിസ് ചോദിക്കുന്നു. പാർട്ടിയിലെ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ജനപ്രതിനിധികളെല്ലാം ഇതിൽ അസ്വസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു.

Share This News

0Shares
0