രക്തസാക്ഷി വാരാചരണം പ്രഖ്യാപിച്ച് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടി; ചങ്കിടിപ്പോടെ ദണ്ഡകാരണ്യം

ജൂലൈ 28 മുതൽ ആഗസ്റ്റ് 3 വരെ രക്തസാക്ഷി വാരാചരണം പ്രഖ്യാപിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റി. ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാരിനും നേതാക്കൾക്കും എം പി, എംഎൽഎമാർക്കെതിരെയും രാജി ആവശ്യം ഉന്നയിച്ചുള്ള ലഘുലേഖയും ഇതോടൊപ്പം വിതരണം ചെയ്തതായി റിപ്പോർട്ട്.  മന്ത്രി കവാസി ലഖ്മ, സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ മാർകം, ബസ്തർ എംപി ദീപക് ബെയ്ജ്, ബിജാപൂർ എംഎൽഎ വീരം മാണ്ഡവി എന്നിവരോടാണ് രാജി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മൂന്ന് ആദിവാസികൾ കൊല്ലപ്പെട്ട സിൽജർ പൊലീസ് വെടിവെപ്പിൻ്റെ ഉത്തരവാദിത്യം ഏറ്റെടുത്തുകൊണ്ട് രാജി വെക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രക്തസാക്ഷി വാരാചരണ പ്രഖ്യാപനത്തിന് പിന്നാലെ ചത്തീസ്ഗഢിൽ സുരക്ഷാ മുൻകരുതലുകൾ വർധിപ്പിച്ചതായാണ് റിപ്പോർട്ട്. തങ്ങളുടെ ജീവൻ അപകടത്തിലാണെന്ന ആശങ്കയിലാണ്  നേതാക്കൾ. മുൻകാല ചരിത്രം നോക്കിയാൽ മാവോയിസ്റ്റുകൾ തങ്ങളെ ഇല്ലാതാക്കുമെന്ന് ആശങ്കയുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് മോഹൻ മർകം  ഫ്രീ പ്രസ് ജേർണലിനോട് പ്രതികരിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 30 വനിതകൾ ഉൾപ്പടെ 160 മാവോയിസ്റ്റു കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടതായി ലഘുലേഖയിൽ വ്യക്തമാക്കുന്നുണ്ട്. മുൻ കാല ചരിത്രംവെച്ച് നോക്കിയാൽ രക്തസാക്ഷി ആചരണ കാലത്താണ് മാവോയിസ്റ്റു കമ്യൂണിസ്റ്റു പാർട്ടി വലിയ തോതിലുള്ള തിരിച്ചടികൾ നടത്തിയിട്ടുള്ളത്. ഇതാണ് ഏവരെയും ആശങ്കയിലാഴ്ത്തുന്നത്.

Share This News

0Shares
0