കുത്തക റീട്ടെയ്ലർമാരുമായി ചേർന്ന് വിതരണക്കാരെ സാമ്പത്തിക പ്രതിസന്ധിയിൽ അലർത്തി പാർലെ

കുത്തക റീട്ടെയ്ലർമാരുമായി ചേർന്ന് സാധാ വിതരണക്കാരെ സാമ്പത്തിക പ്രതിസന്ധിയിൽ അലർത്തി പാർലെ ബിസ്ക്കറ്റ് കമ്പനി. റിലയൻസും മോറും അടക്കമുള്ള കുത്തക റീട്ടെയ്ലർമാർക്ക് വൻതോതിൽ വില കുറച്ച് നൽകിയാണ്  ഡിസ്ട്രിബ്യൂട്ടർമാരെ കമ്പനി പ്രധാനമായും പ്രതിസന്ധിയിലാക്കുന്നത്. കമ്പനിയുടെ ഈ നടപടിമൂലം ഡിസ്’ട്രിബ്യൂട്ടർമാരുടെ സ്റ്റോക്കുകൾ  വിപണിയിൽ പിന്തള്ളപ്പെടുകയാണ്. വിറ്റഴിയാത്ത സ്റ്റോക്കുകൾ തിരികെയെടുക്കുമ്പോൾ, നേരത്തെ അടച്ചനികുതിയിൽ കുറവുവരുത്തിയും കമ്പനി തങ്ങളെ പ്രതിസന്ധിയിലാക്കുകയാണെന്ന് ഡിസ്ട്രിബ്യൂട്ടർമാർ ആരോപിക്കുന്നു. പലപ്പോഴും തിരിച്ചെടുക്കാനും കമ്പനി വിസമ്മതിക്കുന്നുണ്ട്.

ബിസ്ക്കറ്റുകൾക്കു പുറമെ വിവിധ പേരുകളിലുള്ള മിഠായികളും വിപണിയിൽ പാർലെ വിറ്റഴിക്കുന്നുണ്ട്. കുത്തക റീട്ടെയ്ലർമാർ ഇവ കമ്പനിയിൽ നിന്നും നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്. ഇങ്ങനെ വാങ്ങുമ്പോൾ വിലക്കുറവിനു പുറമെ വലിയ ഓഫറുകളും കമ്പനി അവർക്കു നൽകുന്നുണ്ട്. എന്നാൽ കമ്പനിയുടെ വിതരണ ശൃംഖലയിലെ താഴെത്തട്ടിലുള്ള തങ്ങൾക്ക് ഈ ഓഫറുകളൊന്നും നൽകാൻ കമ്പനി തയ്യാറാവുന്നില്ലെന്നും ഡിസ്ട്രിബ്യൂട്ടർമാർ ആരോപിക്കുന്നു. കുത്തക റീട്ടെയ്ലർമാരുമായുള്ള നേരിട്ടുള്ള കച്ചവടത്തിൽ കമ്പനിക്ക് സ്വന്തം വിതരണ ശൃംഖലയുടെ ചെലവ് ഒഴിവാക്കാമെന്നതാണ് മെച്ചം. എന്നാൽ വർഷങ്ങളായി കമ്പനിയുടെ ബ്രാൻഡ് നെയിം ചെറുപട്ടണങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലുംവരെ എത്തിക്കാൻ വിയർപ്പൊഴുക്കിയ ഡിസ്ട്രിബ്യൂട്ടർമാരെ  ഇത്തരത്തിൽ പ്രതിസന്ധിയിലാക്കുന്നത്  നന്ദികേടുംകൂടിയാണെന്ന് ഡിസ്ട്രിബ്യൂട്ടർമാർ ആരോപിക്കുന്നു. കോവിഡ്മൂലമുണ്ടായിട്ടുള്ള വ്യാപാര പ്രതിസന്ധി നേരിടേണ്ടി വരുന്നതിനൊപ്പം തങ്ങളെ തരംതാഴ്ത്തുന്ന നടപടികൾകൂടി ഉണ്ടായത് ഇരുട്ടടിയാണെന്നും ഡിസ്ട്രിബ്യൂട്ടർമാർ പറയുന്നു.

Share This News

0Shares
0