1971ലെ യുദ്ധത്തിൽ ഇന്ത്യക്കു മുന്നിൽ പാക്കിസ്താൻ സൈന്യം കീഴടങ്ങിയതിൻ്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് അഫ്ഗാൻ ഒന്നാം വൈസ് പ്രസിഡൻ്റ് അമ്റുള്ള സ്വാലിഹ്. പാക്കിസ്താനിൽ നിന്നും താലിബാന് പിന്തുണ ലഭിക്കുന്നതിനെ വിമർശിച്ചു കൊണ്ടാണ് അമ്റുള്ള സ്വാലിഹ് ചിത്രം പങ്കുവെച്ചത്. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നിന്നും പിൻ വാങ്ങിയതിനേത്തുടർന്ന് താലിബാൻ അഫ്ഗാൻ സർക്കാരിൻ്റെ നിയന്ത്രണത്തിലുണ്ടായിരുന്ന നിരവധി പ്രദേശ ബൾ പിടിച്ചെടുത്തിരുന്നു. പാക്കിസ്താനിൽ നിന്നും താലിബാന് പിന്തുണ ലഭിക്കുന്നുണ്ടെന്ന വിമർശനം അഫ്ഗാൻ ഭരണ നേതൃത്വത്തിനുണ്ട്. ഇതിൻ്റെ ഭാഗമായി വേണം പാക്കിസ്താനെ പരിഹസിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെക്കലിനെ കാണാൻ. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിൽ 93000 പാക് സൈനികരാണ് ഇന്ത്യൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങിയത്. യുദ്ധം തുടങ്ങി പതിമൂന്നു ദിവസത്തിനുള്ളിൽ പാക് സൈന്യത്തിന് കീഴടങ്ങേണ്ടി വന്നിരുന്നു. പാക് ജനറൽ നിയാസി ഇന്ത്യൻ സൈനിക മേധാവികൾക്കു മുന്നിൽ കീഴടങ്ങൽ ഉടമ്പടിയിൽ ഒപ്പുവെക്കുന്ന അന്നത്തെ ചിത്രമാണ് അമറുള്ള സ്വാലിഹ് പങ്കുവച്ചത്. അഫ്ഗാനിസ്ഥാന് ഇങ്ങനെയൊരു ചിത്രമുണ്ടാകില്ലെന്ന പരിഹാസത്തോടെയായിരുന്നു ചിത്രം പങ്കുവെച്ചത്.