കത്തുന്ന വെയിലിൽ തിളങ്ങുന്ന ഗുൽമോഹർ പൂക്കളെയും കാത്ത് ത്വാഹ

കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ തടവിൽ കഴിയുന്ന മാധ്യമ വിദ്യാർത്ഥി ത്വാഹ ഫസൽ ജയിലിൽനിന്നെഴുതിയ കവിതകൾക്ക് സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരം. കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്ന സഹതടവുകാരനായിരുന്ന സുഹൃത്ത് അലൻ ഷുഹൈബിലൂടെയാണ് ത്വാഹയുടെ കവിതകൾ വെളിച്ചം കണ്ടത്. രണ്ട് തവണയായി 16 മാസം ജയിൽ ജീവിതം പിന്നിട്ട സമയത്താണ് ത്വാഹയുടെ ജയിൽ കവിതകൾ വെളിച്ചം കണ്ടത്. കേസിൽ ഇരുവർക്കും ആദ്യം ജാമ്യം ലഭിച്ചെങ്കിലും ത്വാഹയുടെ ജാമ്യം പിന്നീട് റദ്ദാക്കപ്പെടുകയായിരുന്നു.
കവിതകൾ:

വൃക്ഷത്തെ ചങ്ങലക്കിടാൻ ഒക്കുമോ?
ചങ്ങലക്കിട്ടാൽ അതിന്റെ വളർച്ച നിൽക്കുമോ?
ഫലത്തിൻ രുചി മാറുമോ?
അതിൻ വിത്തിൻ ഗുണം ഇല്ലാതാകുമോ?
മുളച്ച വിത്തിൻ നിറം മാറുമോ
വളർന്ന് പന്തലിക്കുന്നത് നിൽക്കുമോ?

എന്റെ പേന തല്ലിയൊടിച്ചവർ
ചൂണ്ടു വിരൽ ഛേദിച്ചവർ
നാവറുത്തവർ
അതെ വാനിലേക്കുയർന്ന കൈകളെ
കയ്യാമം വെച്ചവർ
കറുത്ത തടവറയിൽ തള്ളിയവർ
അവർക്കറിയില്ലല്ലോ
നാവറുത്തവന്റെ ശബ്ദം
പുതിയ ലോകമാണെന്ന്.

നിഴലിൽ ചവിട്ടി നിൽക്കുന്നു ഞാൻ
തോക്കുധാരികൾ കാവലിൽ
ഇരുമ്പഴികളിൽ തളച്ചിട്ട നാളുകൾ
ഇരുമ്പഴികൾ തുരുമ്പിക്കുന്നതും കാത്ത്
കോട്ട കോത്തളങ്ങൾ തകരുന്നതും കാത്ത്
മഴയും പ്രളയവും മാറി വസന്തം വരുന്നതും കാത്ത്
തണുത്തുറഞ്ഞ രാത്രിയിലും
ചൂടുള്ള സൂര്യനെ കാത്ത്
കത്തുന്ന വെയിലിൽ തിളങ്ങുന്ന ഗുൽമോഹർ പൂക്കളെയും കാത്ത്

Share This News

0Shares
0