സാമ്പത്തിക നയത്തിൽ കോൺഗ്രസ് തെറ്റ് തിരുത്തണമെന്ന് വി എം സുധീരൻ

സാമ്പത്തിക നയത്തിൻ്റെ കാര്യത്തിൽ കോൺഗ്രസ് തെറ്റുതിരുത്തണമെന്ന് മുൻ കെപിസിസി പ്രസിഡൻ്റ് വി എം സുധീരൻ. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സുധീരൻ്റെ പ്രതികരണം. പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ: “സ്വതന്ത്ര ഭാരതത്തിൽ വൻ സാമ്പത്തിക മാറ്റങ്ങൾക്കിടവരുത്തിയ ജനപക്ഷ നടപടിയായ ബാങ്ക് ദേശസാൽക്കരണത്തിൻ്റെ 52ആം വാർഷികദിനമാണിന്ന്. 1969 ജൂലൈ 19 ഇന്ത്യാചരിത്രത്തിലെ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട അവിസ്മരണീയ ദിനമാണ്. അന്നാണ് 50 കോടിയിലേറെ നിക്ഷേപമുള്ള 14 വൻകിട സ്വകാര്യ ബാങ്കുകളെ ദേശസാൽക്കരിച്ചു കൊണ്ടുള്ള വിപ്ലവകരമായ നടപടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വീകരിച്ചത്.

ഇതേ തുടർന്ന് ഗുണപരമായ വലിയ മാറ്റങ്ങളാണ് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായത്. ബാങ്കിംഗ് മേഖലയുടെ സേവനങ്ങൾ സാധാരണക്കാർക്ക് പ്രാപ്യമാകുന്ന സാഹചര്യം പതിന്മടങ്ങ് ശക്തിപ്പെട്ടു.. ഗ്രാമീണ മേഖലയിൽ പ്രത്യേകിച്ച് കാർഷികരംഗത്ത് വൻ മാറ്റങ്ങളുണ്ടായി. കർഷകർ, ചെറുകിട വ്യാപാരി-വ്യവസായികൾ, യുവാക്കൾ ഉൾപ്പെടെ സ്വയംതൊഴിൽ കണ്ടെത്തുന്നവർ, വനിതാ സംരംഭകർ തുടങ്ങിയവർക്കെല്ലാം വളരെയേറെ പ്രയോജനകരമായി. ദാരിദ്ര്യ നിർമാർജനത്തിനും ഗ്രാമവികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വിവിധ ഭവനനിർമ്മാണ-വിദ്യാഭ്യാസ സ്കീമുകൾ രൂപംകൊള്ളുന്നതിനും ഇടവരുത്തി. ഇതിനെല്ലാം പുറമേ ഹരിത-ധവള വിപ്ലവത്തിന് ഉത്തേജനം പകർന്നു. ഇതെല്ലാം രാജ്യത്തിൻ്റെ സാമൂഹിക-സാമ്പത്തിക വികസനം ത്വരിതപ്പെടുത്തി.

നഗരകേന്ദ്രീകൃതമായിരുന്ന ബാങ്ക് ശാഖകൾ ഗ്രാമങ്ങളിൽ വ്യാപകമായി തുറക്കപ്പെട്ടു. തന്മൂലം ഗ്രാമീണ ജനതയുടെയും സ്ത്രീ സമൂഹത്തിൻ്റെയും ശാക്തീകരണം ഫലപ്രദമായി മുന്നോട്ടുപോയി. എന്തിനേറെ, ആഗോള സാമ്പത്തിക തകർച്ചയുടെ ഫലമായി അമേരിക്കയിൽ പോലും ബാങ്കുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സംവിധാനം തകർന്നടിഞ്ഞപ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകരാതെ നിലനിന്നു. ഇതിന് നന്ദി പറയേണ്ടത് ഇന്ത്യയിൽ പൊതുമേഖലാ ബാങ്കുകളെയും ഇൻഷുറൻസ് സംവിധാനത്തെയും ശക്തിപ്പെടുത്തിയ ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സാമ്പത്തിക നയങ്ങളോടാണ്.

പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റ നേതൃത്വത്തിൽ 1956 ജനുവരി 19ന് ലൈഫ് ഇൻഷുറൻസിനെ ദേശസാൽക്കരിച്ചിരുന്നു. അക്കൊല്ലം തന്നെ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ നിലവിൽ വരികയും ചെയ്തു. 1972ൽ ഇന്ദിരാഗാന്ധി ജനറൽ ഇൻഷുറൻസും ദേശസാൽക്കരിച്ചു. നിർഭാഗ്യവശാൽ പിൽക്കാലത്ത് നെഹ്റു-ഇന്ദിര സാമ്പത്തിക നയങ്ങളിൽ നിന്നും വ്യതിചലിച്ചു കൊണ്ട് നവ ലിബറൽ സാമ്പത്തിക നയങ്ങളുമായി കോൺഗ്രസ് മുന്നോട്ട് പോയത് രാജ്യത്തിനും കോൺഗ്രസിനും ദോഷകരമായി എന്നത് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടു.

മോഡി ഭരണകൂടമാകട്ടെ നവ ലിബറൽ സാമ്പത്തിക നയങ്ങളുടെ തുടർച്ചയെന്നവകാശപ്പെട്ടുകൊണ്ട് അന്ധമായ സ്വകാര്യവൽക്കരണ ഭ്രമവുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് താനും. രാഷ്ട്രത്തിൻ്റെ പൊതു സമ്പത്തെല്ലാം സ്വദേശ-വിദേശ സ്വകാര്യ ഗ്രൂപ്പുകൾക്ക് അടിയറ വെക്കാനുള്ള വ്യഗ്രതയിലാണ് മോഡി ഭരണകൂടം. അദാനി-അംബാനിമാരുൾപ്പെടെയുള്ള വൻകിട കോർപ്പറേറ്റുകളുടെ താല്പര്യ സംരക്ഷകരായി മോഡി ഭരണകൂടം മുന്നോട്ടു പോകുകയാണ്. കാർഷികമേഖലയേയും കോർപ്പറേറ്റുകളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിട്ടുകൊടുക്കുന്നതിന് പര്യാപ്തമായ നിയമങ്ങൾ പാസ്സാക്കിയ കേന്ദ്ര ഗവൺമെൻ്റിൻ്റെ നടപടിക്കെതിരെ കർഷകരുടെ ആവേശകരമായ പ്രക്ഷോഭം തുടരുകയാണ്.

രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച ബാങ്കിംഗ്-ഇൻഷുറൻസ് സംവിധാനങ്ങളെ പോലും കോർപ്പറേറ്റുകളുടെ കൈയിൽ പൂർണമായും എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മോഡിയും കൂട്ടരും. മോഡിയുടെ തെറ്റായ സാമ്പത്തിക നയത്തിൻ്റെ തണലിൽ വൻകിട കോർപ്പറേറ്റുകളുടെ കിട്ടാക്കടം വളർന്നുവന്ന് പത്തു ലക്ഷം കോടിയിലധികമായി.

പോയ അഞ്ചുവർഷത്തിനുള്ളിൽ തന്നെ വൻകിട കുത്തകകളുടെ വായ്പാ കുടിശ്ശിക 7 ലക്ഷം കോടിയിൽ കവിഞ്ഞിരിക്കുകയാണ്. ഇതൊന്നും പോരാഞ്ഞിട്ട് വൻകിട കോർപ്പറേറ്റ് വില്ലന്മാരുടെ ബാങ്ക് തട്ടിപ്പിൽപ്പെട്ട് 1.38ലക്ഷം കോടി രൂപയോളം അവതാളത്തിലായിരിക്കുകയാണ്. മോഡി ഭരണകൂടത്തിൻ്റെ സാമ്പത്തിക നടപടികൾ ജനങ്ങളുടെ ജീവിതത്തെ സമ്പൂർണ്ണമായി ദുരിതത്തിലാക്കുകയും രാജ്യത്തെ അതിഗുരുതരമായ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചിരിക്കുകയുമാണ് എന്ന യാഥാർത്ഥ്യം ഏവർക്കും ബോധ്യപ്പെടുന്ന സാഹചര്യമാണുള്ളത്. സമ്പദ് വ്യസ്ഥയുടെ ഈ ദുരവസ്ഥയിൽ നിന്നും രാജ്യത്തിന് മോചനം ഉണ്ടായേ മതിയാകൂ.

ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും അനുവർത്തിച്ചുവന്ന സാമ്പത്തിക നയങ്ങളാണ് ഇന്ത്യയ്ക്ക് അനുയോജ്യമായിട്ടുള്ളതെന്ന് സംശയാതീതമായി തെളിയിക്കുന്ന അനുഭവങ്ങളാണുള്ളത്. അതുകൊണ്ട് നെഹ്റു-ഇന്ദിര സാമ്പത്തിക നയങ്ങളിലേക്ക് മടങ്ങി പോകേണ്ടത് അനിവാര്യമാണ്. അതു മാത്രമാണ് പോംവഴിയും. അതിനുവേണ്ട സാമ്പത്തികനയമാറ്റങ്ങൾക്ക് നേതൃത്വം നൽകാനുള്ള ബാധ്യത കോൺഗ്രസിനുണ്ട്.

അതുകൊണ്ട് അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സ്വയം വിമർശനപരമായി സ്ഥിതിഗതികളെ വിലയിരുത്താനും തെറ്റ് തിരുത്തി ജവഹർലാൽ നെഹ്റുവിൻ്റെയും ഇന്ദിരാഗാന്ധിയുടെയും സാമ്പത്തിക നയങ്ങളിലേക്ക് മടങ്ങി പോകാനുമുള്ള ആർജ്ജവം കോൺഗ്രസിനുണ്ടാകണം. ബാങ്ക് ദേശസാൽക്കരണത്തിന്റെ അമ്പത്തി രണ്ടാം വാർഷികം അതിനെല്ലാം പ്രേരകമാകട്ടെ എന്നാണ് എന്റെ പ്രത്യാശ.”

Share This News

0Shares
0