മൂന്നു മക്കളുടെ പിതൃത്വം ഡിഎൻഎയിൽ തെളിഞ്ഞിട്ടും ചെലവിനു നൽകാതെ പിതാവ്; കോടതിവഴി ജീവനാംശത്തിന് സഹായമൊരുക്കി വനിതാ കമ്മീഷൻ

മൂന്നു മക്കളുടെ പിതൃത്വം ഡിഎന്‍എ പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടും കുടുംബത്തിനെ ഒപ്പം കൂട്ടാനോ ജീവനാംശം നല്‍കാനോ തയാറാകാത്ത പിതാവിനെതിരേ കുടുംബകോടതിയില്‍ ജീവനാംശത്തിന് നിയമസഹായമൊരുക്കി വനിതാ കമ്മിഷന്‍. പ്രായപൂര്‍ത്തിയായ രണ്ട് മക്കളടക്കം മൂന്നു മക്കളുള്ള പരാതിക്കാരി തുടര്‍ന്നുള്ള കുടുംബജീവിതത്തിന് താല്പര്യമില്ലെന്നും ജീവനാംശം ലഭിക്കണമെന്നും അറിയിച്ചതിനെതുടര്‍ന്നാണ് കമ്മിഷന്റെ ഇടപെടല്‍.

ചിറയിന്‍കീഴ് സ്വദേശികളായ ദമ്പതികളില്‍ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വനിതാ കമ്മിഷന്റെ തീരുമാനം. വിവാഹിതരായി ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും ഏഴ് വര്‍ഷം മുമ്പ് പിണങ്ങിപ്പോയ ഭര്‍ത്താവ് ചെലവിനു നല്‍കണമെങ്കില്‍ കുട്ടികളുടെ പിതൃത്വം ഡിഎന്‍എ ടെസ്റ്റ് നടത്തി തെളിയിക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷനെ സമീപിച്ച സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും മൂന്ന് മക്കളെയും സൗജന്യമായി ഡിഎന്‍എ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഡിഎന്‍എ പരിശോധനയില്‍ കുട്ടികളുടെ ബയോളജിക്കല്‍ ഫാദര്‍ ഇയാള്‍ തന്നെയാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ഇന്നലെ നടന്ന അദാലത്തിലേക്ക് ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ ചെലവിനു നല്‍കാന്‍ ഇനിയും കൂട്ടാക്കാത്ത നിലപാടായിരുന്നു ഇയാള്‍ സ്വീകരിച്ചത്. പരാതികാരിക്ക് കുടുംബകോടതിയില്‍ ജീവനാംശം ലഭിക്കുന്നതിന് വേണ്ട സഹായം കമ്മിഷന്‍ ചെയ്യുമെന്ന് പരാതി കേട്ട കമ്മിഷന്‍ അംഗം അഡ്വ. എം.എസ്.താര പറഞ്ഞു. കമ്മിഷന്‍ അംഗം ഇ.എം.രാധയും അദാലത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് പരാതിക്കാര്‍ക്ക് വനിതാ കമ്മിഷന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായി ഡിഎന്‍എ പരിശോധന നടത്തുന്നത്. എസ്.സി, എസ്.ടി. വിഭാഗക്കാര്‍ക്കും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുമാണ് കേസ് നടത്തിപ്പിന് സൗജന്യമായി വനിതാ കമ്മിഷന്‍ ഇടപെട്ട് ഡിഎന്‍എ പരിശോധന നടത്തുന്നത്. മറ്റു വിഭാഗക്കാര്‍ക്കും പരിശോധനയ്ക്ക് വേണ്ട സാമ്പത്തികേതര സഹായം നല്‍കുന്നതാണ്.

Share This News

0Shares
0