ഇഎംഎസിന്റെയും നിന്റെയുമൊക്കെ സൂത്രം ഫലിച്ചിട്ടുണ്ടടോ” – തോമസ് ഐസക്കിനോട് അന്ന് നായനാർ പറഞ്ഞതിങ്ങനെ

ഇഎംഎസിന്റെയും നിന്റെയുമൊക്കെ സൂത്രം ഫലിച്ചിട്ടുണ്ടടോ”- തോമസ് ഐസക്കിനോട് ജനകീയാസൂത്രണകാലത്ത് മുഖ്യമന്ത്രിയായിരുന്ന നായനാർ പറഞ്ഞതിങ്ങനെ.ജനകീയാസൂത്രണ ജനകീയചരിത്രം എന്ന തലക്കെട്ടിൽ മുൻധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ജനകീയാസൂത്രണ കാലത്തുണ്ടായ സംഭാഷണം വിവരിച്ചിരിക്കുന്നത്. കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ:

“എന്താടോ ഈ കേൾക്കുന്നത്?” “ആരാടോ ഫ്രാങ്കി?” “താനെന്തെങ്കിലും കുണ്ടാമണ്ടി ഒപ്പിച്ചിട്ടുണ്ടോ?” ചോദ്യങ്ങൾ സഖാവ് നായനാരുടേതായിരുന്നു. ജനകീയാസൂത്രണ വിവാദം കത്തി നിൽക്കുന്ന കാലം. ചാരനെന്നും രാജ്യദ്രോഹിയെന്നുമൊക്കെയുള്ള ആരോപണങ്ങളുന്നയിച്ച് മുഖ്യധാരാ മാധ്യമങ്ങൾ എന്നെ വ്യക്തിപരമായി വേട്ടയാടിയ സമയം. അദ്ദേഹം എന്നെ എകെജി സെന്ററിലേയ്ക്കു വിളിപ്പിച്ചു. എന്നെ വരവേറ്റത് സ്വതസിദ്ധമായ ശൈലിയിൽ മേൽപ്പറഞ്ഞ കുറേ ചോദ്യങ്ങൾ.

രണ്ടു മണിക്കൂറോളം എന്നെപ്പിടിച്ചിരുത്തി കാര്യങ്ങളെല്ലാം ചോദിച്ചു മനസിലാക്കി. വിവാദത്തിന്റെ എല്ലാ വശങ്ങളും കേട്ടു. ആവർത്തിച്ചു വിശദീകരിപ്പിച്ച് സംശയങ്ങൾ ദുരീകരിച്ചു. ആ രണ്ടു മണിക്കൂർകൊണ്ട് അദ്ദേഹം എന്നിൽ നിറച്ച ആത്മവിശ്വാസവും ധൈര്യവും ഇന്നും പുളകത്തോടു കൂടിയേ ഓർക്കാനാവൂ. അദ്ദേഹത്തിന് എന്നിലുള്ള വിശ്വാസത്തിന് ഒരു പോറലുമേൽപ്പിക്കാൻ മാധ്യമങ്ങൾ പടർത്തിയ അപവാദ വാർത്തകൾക്കു കഴിഞ്ഞില്ല.

സഖാവ് നായനാർ അദ്ദേഹം നേതൃത്വം നല്കിയ മന്ത്രിസഭയുടെ സംഭാവനയാണല്ലോ ജനകീയാസൂത്രണം. അദ്ദേഹത്തിനറിയാത്തതൊന്നും എവിടെയും നടന്നിട്ടുമില്ല. അധികാരവികേന്ദ്രീകരണം എന്ന ആശയം നടപ്പാക്കുന്നതിൽ നേരിട്ട വെല്ലുവിളികളും പ്രതിബന്ധങ്ങളും തരണം ചെയ്തത് അദ്ദേഹത്തിന്റെ നേതൃപരമായ ഇടപെടലിലൂടെയായിരുന്നു. നർമ്മവും കാർക്കശ്യവും ഇരുത്തം വന്ന രാഷ്ട്രീയനേതാവിന്റെ നയചാതുരിയുമൊക്കെ തരാതരംപോലെ പുറത്തെടുത്താണ് അദ്ദേഹം പ്രതിബന്ധങ്ങൾ മറികടന്നത്. അധികാരവും പണവും ഭരണസംവിധാനത്തിന്റെ താഴേത്തട്ടിലേയ്ക്ക് കൈമാറ്റം ചെയ്യുമ്പോൾ സ്വാഭാവികമായും എതിർപ്പും ആശങ്കയും പിടിവാശിയുമൊക്കെ നേരിടും. മുന്നണി സംവിധാനത്തിൽ പ്രവർത്തിക്കുന്ന മന്ത്രിസഭയാകുമ്പോൾ, അവ പരിഹരിക്കണമെങ്കിൽ രാഷ്ട്രീയനേതൃത്വത്തിന്റെ നിരന്തരമായ ഇടപെടലുകളുണ്ടാകണം. സഖാവ് നായനാരുടെ നേതൃശേഷി തന്നെയായിരുന്നു പ്രതിബന്ധങ്ങൾ തരണം ചെയ്ത് മുന്നോട്ടുള്ള യാത്ര എളുപ്പത്തിലാക്കിയത്. അധികാരവികേന്ദ്രീകരണം യാഥാർത്ഥ്യമാക്കേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം ഇടതുപക്ഷ മന്ത്രിസഭയ്ക്കുണ്ട് എന്ന കാര്യത്തിൽ കൃത്യമായ ആശയവ്യക്തത അദ്ദേഹത്തിനുണ്ടായിരുന്നു.

സഖാവ് നായനാരുടെ ഏറ്റവും നിർണ്ണായകമായ ഇടപെടൽ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതിവിഹിതം സംബന്ധിച്ചുള്ള തീരുമാനമാണ്. ജനകീയാസൂത്രണത്തിനു തുടക്കംകുറിച്ചതുതന്നെ പദ്ധതിയടങ്കലിന്റെ 35-40 ശതമാനം തുക താഴേയ്ക്കു വിന്യസിക്കുമെന്നു പറഞ്ഞുകൊണ്ടാണ്. അവിശ്വസനീയമായിരുന്നു ഈ തുക. പ്രതിവർഷം പദ്ധതിയിൽ നിന്നും രണ്ടുലക്ഷം രൂപ കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് 50 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെ ഓരോ പഞ്ചായത്തിനും ലഭിക്കുമെന്നത് അവിശ്വസനീയമായി പലർക്കും തോന്നി. മന്ത്രിമാരിൽ പലരും ഇതു പതിവു പ്രകാരമുള്ള ഒരു പ്രഖ്യാപനമായേ കണ്ടിരുന്നുള്ളൂ. എന്നാൽ ഒരുവർഷക്കാലത്തെ ജനകീയാസൂത്രണ കാമ്പയിനിൽ സർവ്വപേരും ഇതേകാര്യം ആവർത്തിച്ച് ആവർത്തിച്ച് ഉറപ്പിച്ചു. പിന്നോക്കം പോകാൻ കഴിയാത്ത ഒരു രാഷ്ട്രീയനിലപാടായി ഇതു മാറി. എന്നിട്ടുപോലും കാര്യത്തോട് അടുത്തപ്പോൾ പലവിധത്തിലുള്ള തടസ്സങ്ങളായി. മുന്നണി ഭരണമാണല്ലോ നിലവിലുള്ളത്. ഓരോ ഘടകകക്ഷിയുടെ വകുപ്പിൽ നിന്നും തുല്യമായിട്ടല്ല താഴേയ്ക്കു പണം നൽകേണ്ടിയിരുന്നത്. അതു സാധ്യവുമല്ല. വൈദ്യുതി വകുപ്പിൽ നിന്നും എന്താണ് താഴേയ്ക്കു വിന്യസിക്കാൻ പറ്റുക? ഈ അസന്തുലിതാവസ്ഥ വലിയ അസംതൃപ്തിയായി രൂപംകൊണ്ടു. തീരുമാനമെടുക്കുന്നതു നീണ്ടു. അവസാനം ഈ കാലതാമസത്തിനെതിരെ ഇഎംഎസിനുതന്നെ പരസ്യമായി പ്രതികരിക്കേണ്ടിവന്നു. സഖാവ് നായനാർ എങ്ങനെ കാര്യങ്ങൾ പറഞ്ഞ് ഒതുക്കിയെന്ന് എനിക്ക് അറിയില്ല. പിറ്റേയാഴ്ച കാബിനറ്റ് തീരുമാനം വന്നു. അതിന്റെ പിന്നിലെ നിശ്ചയദാർഡ്യം സഖാവ് നായനാരുടേതായിരുന്നു. സഖാവ് നായനാരുടെ നർമ്മം പ്രസിദ്ധമാണല്ലോ. കാബിനറ്റ് തീരുമാനത്തിനുശേഷം കണ്ടപ്പോൾ സഖാവ് നായനാരുടെ പ്രതികരണം ഇതായിരുന്നു –“ഇഎംഎസിന്റെയും നിന്റെയുമൊക്കെ സൂത്രം ഫലിച്ചിട്ടുണ്ടടോ.” സഖാവ് നായനാർ ‘ആസൂത്രണം’ എന്ന് പറയാറില്ല. ‘സൂത്ര’മെന്നാണ് വിശേഷിപ്പിക്കുക.

Share This News

0Shares
0