ന്യൂനപക്ഷ സ്കോളർഷിപ്പ്: സർക്കാരിനെ കുഴപ്പിച്ച് കെ ടി ജലീലിൻ്റെ പ്രതികരണം

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൻ സംസ്ഥാന സർക്കാരിനെ കുഴപ്പിച്ച് മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്പോപോസ്റ്റ്. വരാനിരിക്കുന്ന ക്രിസ്ത്യൻ പിന്നോക്കാവസ്ഥ പഠന റിപ്പോർട്ട് നടപ്പാക്കുമ്പോൾ മൂസ്ലീം സമുദായത്തിനും ആനുപാതികമായി അനുകൂല്യങ്ങൾ ല്യമാക്കുമെന്നാണ് ജലീലിൻ്റെ പ്രതികരണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയോ മന്ത്രിമാരോ എൽഡിഎഫ് നേതാക്കളോ ഒന്നും പറഞ്ഞിട്ടില്ലെന്നിരിക്കെയാണ് ജലീലിൻ്റെ പ്രതികരണം. ‘ന്യൂനപക്ഷ സ്കോളർഷിപ്പ്: വിവാദത്തിലെ കാണാപ്പുറങ്ങൾ’ എന്ന തലക്കെട്ടോടെ തുടങ്ങുന്ന ജലീലിൻ്റെ പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ:

2010 മുതൽ സ്വീകരിച്ച് പോന്നിരുന്ന ന്യൂനപക്ഷങ്ങളിലെ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കുള്ള സ്കോളർഷിപ്പ് വിതരണത്തിലെ 80:20 മുസ്ലിം-ക്രൈസ്തവ അനുപാതം കേരള ഹൈക്കോടതി റദ്ദാക്കി പുറപ്പെടുവിച്ച വിധിയെ തുടർന്ന് ജനസംഖ്യനുപാതികമായി മാറ്റപ്പെടുകയാണ്. ഇലക്കും മുള്ളിനും കേടില്ലാത്തവിധം കോടതിവിധി നടപ്പിലാക്കാൻ യോജ്യമായ ഒരു ഫോർമുലയാണ് സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്നത്. 80% സ്കോളർഷിപ്പുകൾ ലഭിച്ച് കൊണ്ടിരുന്നപ്പോൾ മുസ്ലിം സമുദായത്തിലെ അർഹരായവർക്ക് കിട്ടിക്കൊണ്ടിരുന്നവരുടെ എണ്ണത്തിലോ അവർക്കായി നീക്കിവെച്ചിരുന്ന സംഖ്യയിലോ ഒരെണ്ണവും ഒരു രൂപയും കുറവു വരാതെയാണ് രണ്ടാം പിണറായി സർക്കാർ പൊതുവെ സ്വീകാര്യമായ ഒരു പരിഹാര മാർഗ്ഗം നിർദ്ദേശിച്ചിരിക്കുന്നത്. ക്രൈസ്തവ സമുദായത്തിന് അധികമായി ഹൈകോടതി നിർദ്ദേശിച്ച നേരെത്തെയുള്ള 20% ത്തിന് പുറമെയുള്ള 21% (മൊത്തം 41%) അഡീഷണൽ തുക അനുവദിച്ച് പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിച്ചത്.

ഹൈക്കോടതി വിധിയുടെ പശ്ചാതലത്തിൽ എല്ലാ രാഷട്രീയ പാർട്ടികളുടെയും യോഗം ഗവ: വിളിച്ച് ചേർത്തിരുന്നു. ലീഗുൾപ്പടെയുള്ള സംഘടനകൾ പ്രസ്തുത യോഗത്തിൽ പറഞ്ഞത് ആർക്കും ഇപ്പോൾ കിട്ടുന്നതിൽ കുറവു വരാതെ പ്രശ്നം പരിഹരിക്കണമെന്നാണ്. സംശയമുള്ളവർക്ക് ആ സൂം മീറ്റിംഗിൻ്റെ റിക്കോർഡ് പരിശോധിക്കാവുന്നതാണ്. മുഴുവൻ മുസ്ലിം സംഘടനകളും സമുദായത്തിന് ഇപ്പോൾ ലഭിച്ച് വരുന്നതിൽ കുറവു വരാതെ മറ്റാർക്ക് ആനുകൂല്യം നൽകുന്നതിലും എതിർപ്പില്ലെന്ന് പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇടതുപക്ഷ സർക്കാർ ആരെയും നോവിക്കാതെ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ക്രൈസ്തവ സമുദായത്തിൻ്റെ പിന്നോക്കാവസ്ഥ പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിയോഗിക്കപ്പെട്ടിരിക്കുന്ന ജസ്റ്റിസ് കോശി നേതൃത്വം നൽകുന്ന മൂന്നംഗ കമ്മീഷൻ അധികം വൈകാതെ സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പോർട്ടിൽ നിർദ്ദേശിക്കുന്ന ശുപാർശകൾ നടപ്പിലാക്കുമ്പോഴും 58:41 (മുസ്ലിം-ക്രൈസ്തവ) അനുപാതം തന്നെയാകും ഹൈക്കോടതി വിധിയുടെ വെളിച്ചത്തിൽ നടപ്പിലാക്കപ്പെടുക.

സർക്കാർ തീരുമാനം മുൻനിർത്തി ഭീകരമാംവിധം മുസ്ലിം സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രൂപത്തിലാണ് ജമാഅത്തെ ഇസ്ലാമി ഉൾപ്പടെയുള്ള തീവ്ര മുസ്ലിം ഗ്രൂപ്പുകൾ അവരുടെ ഔദ്യോഗിക ജിഹ്വകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കുപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്.

ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകാത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നവരോട് സ്നേഹപൂർവ്വം ചോദിക്കട്ടെ; മർമ്മപ്രധാനമായ ഈ വിഷയത്തിൽ സമുദായത്തിൻ്റെ അട്ടിപ്പേറ് അവകാശപ്പെടുന്ന മുസ്ലിം ലീഗ് എന്തേ കക്ഷി ചേരാതിരുന്നത്! യു.ഡി.എഫിൽ നല്ലപിള്ള ചമയാൻ ലീഗിന് ഒരു മുഖവും മുസ്ലിം സമുദായത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ മറ്റൊരു മുഖവും അവലംബിക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ സമുദായത്തോട് ചെയ്യുന്ന കൊടും വഞ്ചനയാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഒരു അടിയന്തിര പ്രമേയമോ ശ്രദ്ധക്ഷണിക്കലോ സബ്മിഷൻ പോലുമോ ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ ലീഗ് കൊണ്ടു വന്നില്ല എന്നത് ആരും മറക്കരുത്. വരുന്ന 22 ന് തുടങ്ങാൻ പോകുന്ന സഭാ സമ്മേളനത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ വ്യക്തമായ ഒരഭിപ്രായം പറയാൻ ലീഗിൻ്റെ നിയമസഭാ പാർട്ടി ലീഡർക്ക് കഴിയുമോ? സമീപ കാലത്ത് ലീഗിന് പലകാര്യങ്ങളിലും രണ്ട് നിലപാടുകളാണ്. മിതനിലപാട് കുഞ്ഞാലിക്കുട്ടി സാഹിബ് പറയും. തീവ്ര അഭിപ്രായം ബഷീർ സാഹിബിനെക്കൊണ്ട് പറയിപ്പിക്കും. ഇതിലൂടെ മിതവാദികളെയും തീവ്രവാദികളെയും കൂടെപ്പൊറുപ്പിക്കാനാകും എന്നാണ് ലീഗ് കരുതുന്നത്. അവസാനം കടിച്ചതും പിടിച്ചതും ഇല്ലാതാകുന്ന സ്ഥിതിയാകും ഉണ്ടാവുക. കാത്തിരുന്ന് കാണാം.

ജമാഅത്തെ ഇസ്ലാമിയുടെ മൂശയിൽ രാകിമിനുക്കിയ അഭിപ്രായം സമുദായത്തിൻ്റെ അണ്ണാക്കിൽ തിരുകി സമാധാന കാംക്ഷികളായ മുസ്ലിം സംഘടനകളെക്കൊണ്ട് വിഴുങ്ങിപ്പിക്കാനുള്ള നീക്കം ജാഗ്രതയോടെ കാണണം. അതല്ലെങ്കിൽ പൊതു സമൂഹത്തിന് മുമ്പിൽ മുസ്ലിം സമുദായം ഒന്നടങ്കം ജമാഅത്തെ ഇസ്ലാമിയെപ്പോലെ അസഹിഷ്ണുതയുടെ പര്യായമായി ചിത്രീകരിക്കപ്പെടും.

Share This News

0Shares
0