മാസ്ക് കാൽ വിരലിൽ തൂക്കിയിട്ട ഉത്തരാഖണ്ഡ് ഗ്രാമവികസന മന്ത്രി സ്വാമി യതീശ്വരാനന്ദിൻ്റെ നടപടി വിവാദമാകുന്നു. ഔദ്യാഗിക യോഗത്തിൽ മാസ്ക് ധരിക്കാതെ പങ്കെടുത്തു കൊണ്ടിരിക്കുന്ന മന്ത്രിയുടെ കാൽവിരലിൽ മാസ്ക് തൂങ്ങിക്കിടക്കുന്ന ഫോട്ടോ വ്യാപകമായി പ്രചരിക്കുകയാണ്. ചിത്രം വൈറലായതിന് പിന്നാലെ മന്ത്രിക്കെതിരെ വ്യാപക വിമർശനവുമുയർന്നു. ഉത്തരാഖണ്ഡിലെ ബിജെപി സർക്കാറിൽ അംഗമായ യതീശ്വരാനന്ദിനെ കൂടാതെ യോഗത്തിൽ പങ്കെടുത്ത ഒരാൾ പോലും മാസ്ക് കൃത്യമായി ധരിച്ചിട്ടില്ല. ബിഷൻ സിങ് ചുപാൽ, സുബോധ് ഉന്യാൽ എന്നീ മന്ത്രിമാരും ഇക്കൂട്ടത്തിലുണ്ട്. ഭരിക്കുന്ന പാർട്ടിയുടെ മന്ത്രിമാർ കാണിക്കുന്ന ഗൗരവം ഇതാണ് എന്നിട്ടവർ മാസ്ക് ഇടാത്ത പാവപ്പെട്ട ജനങ്ങളെ ശിക്ഷിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ഗരിമ ദസൗനി സമൂഹമാധ്യമമായ ട്വീറ്ററിൽ കുറിച്ചു. ‘ശരിയായ രീതിയിൽ മാസ്ക് ധരിക്കേണ്ട മാതൃക’ എന്നാണ് മറ്റൊരു കോൺഗ്രസ് നേതാവായ പങ്കജ് പൂനിയ മന്ത്രിമാരെ പരിഹസിച്ചത്. ഹരിദ്വാർ റൂറൽ നിയോജക മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ ജയിച്ചു വന്നയാളാണ് സ്വാമി യതീശ്വരാനന്ദ. കരിമ്പ്, ഗ്രാമവികസനം എന്നീ ചുമതലുകളുള്ള ക്യാമ്പിനറ്റ് മന്ത്രിയാണ്.