തൻ്റെ പടമില്ല; സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ എഡിറ്റ് ചെയ്ത് പടമുൾപ്പെടുത്തി മറീനയുടെ ട്രോൾ പോസ്റ്റ്

സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററിൽ തൻ്റെ പടം ഇല്ലാതിരുന്നതിനേ തുടർന്ന് സ്വന്തമായി പടം ഉൾപ്പെടുത്തി പുതിയ പോസ്റ്റർ തയ്യാറാക്കി നടി മറീന മൈക്കിൾ കുരിശിങ്കൽ. നടി തൻ്റെ ഫേസ്ബുക് പേജ് വഴിയാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയത്. “അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എൻ്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടേയും സഹായം വേണ്ടെന്ന് പറയാൻ പറഞ്ഞു” എന്ന ട്രോൾ കുറിപ്പോടെയാണ് ഫസ്റ്റ് ലുക്പോസ്റ്റർ എഡിറ്റ് ചെയ്തുകൊണ്ടുള്ള പുതിയ പോസ്റ്റർ നടി പങ്കുവെച്ചത്.

ഗോകുലം ഗോപാലൻ്റ നിർമാണത്തിൽ പുറത്തിറങ്ങുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ ഫസ്റ്റ്ലുക് പോസ്റ്ററിലാണ് മറീന കൗതുകകരമായ എഡിറ്റിങ് നടത്തിയത്. വെള്ളിയാഴ്ച ഒദ്യോഗികമായി പുറത്തിറക്കിയ ഫസ്റ്റ്ലുക് പോസ്റ്ററിൽ സണ്ണി വെയ്ൻ, അഹാന കൃഷ്ണ, ലാലു അലക്സ്, ബൈജു, സൈജു കുറുപ്പ്, കലിംഗ ശശി എന്നിവരുടെ പടമുണ്ടായിരുന്നെങ്കിലും മറീനയുടെ പടം ഉൾപ്പെടുത്തിയിരുന്നില്ല. ഫേസ്ബുക് പേജിലൂടെ ആദ്യം ഔദ്യോഗിക പോസ്റ്റർ പങ്കുവെച്ചതിനു ശേഷമാണ് ഒരു ട്രോൾ കുറിപ്പോടെ മറീന തൻ്റെ പടം സ്വയം എഡിറ്റ് ചെയ്ത് ഉൾപ്പെടുത്തി പുതിയ പോസ്റ്റർ പങ്കുവെച്ചത്. ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക് പോസ്റ്റർ മഞ്ജു വാര്യർ, പൃഥ്വിരാജ്, ടോവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്നാണ് വെള്ളിയാഴ്ച ഔദ്യോഗികമായി പുറത്തിറക്കിയത്.

Share This News

0Shares
0