കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് വിജ്ഞാപനം (റിക്രൂട്ട്‌മെന്റ് നമ്പര്‍: 01/2021) ഇറങ്ങി. 55 ഒഴിവുകളാണുള്ളത്. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ നേടിയ ബിരുദമാണ് യോഗ്യത. അല്ലെങ്കില്‍ മാസ്റ്റര്‍ ബിരുദമോ നിയമബിരുദമോ ഉണ്ടാവണം. കേരളത്തിലെ സർവകലാശാലകം നല്‍കിയതോ അംഗീകരിച്ചതോ അയിരിക്കണം യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയ യോഗ്യതയാണ്.
02.01.1985-നും 01.01.2003-നും മധ്യേ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. എസ് സി., എസ് ടി വിഭാഗങ്ങൾക്ക് അഞ്ചുവര്‍ഷംവരെയും ഒബിസി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷംവരെയും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. വിധവകള്‍ക്കും അഞ്ചുവര്‍ഷത്തെ ഇളവ് ലഭിക്കും. എന്നാല്‍ 50 വയസ്സ് കവിയാന്‍ പാടില്ല. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവുകളുണ്ട്.
39,300-83,000 രൂപയാണ് ശമ്പള സ്കെയിൽ. ഒബ്ജെക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റുകളും ഇൻ്റർവ്യൂവും നടത്തിയാണ് തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് ടെസ്റ്റ് 100 മാര്‍ക്കിന് ഒഎംആര്‍ രീതിയിലാണ്. 75 മിനിറ്റാണ് പരമാവധിസമയം. ജനറല്‍ ഇംഗ്ലീഷ്:50 മാര്‍ക്ക്, പൊതുവിജ്ഞാനം :40 മാര്‍ക്ക്, അടിസ്ഥാനഗണിതവും മാനസികശേഷിപരിശോധനയും:10 മാര്‍ക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങളുണ്ടാവുക. ഒരു ഉത്തരത്തിന് ഒരു മാര്‍ക്കു ലഭിക്കും. എന്നാൽ ഓരോ തെറ്റുത്തരത്തിനും നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും.
ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ് 60 മാര്‍ക്കിനാണ്. 60 മിനിറ്റാണ് ഇതിൻ്റെ സമയം. സംഗ്രഹിച്ചെഴുതല്‍, കോംപ്രിഹെന്‍ഷന്‍, ലഘു ഉപന്യാസം തയ്യാറാക്കല്‍ എന്നിവയാണ് ഇതിലുണ്ടാവുക. ഇൻ്റർവ്യു 10 മാര്‍ക്കിനുള്ളതായിരിക്കും. ടെസ്റ്റിന് ഡിഗ്രി തലത്തിലുള്ള ചോദ്യങ്ങളാകും ഉണ്ടാവുക. രണ്ടുഘട്ടങ്ങളിലായി ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സ്വീകരിച്ചു തുടങ്ങി. കൂടുതൽ വിവരങ്ങള്‍ക്ക്: www.hckrecruitment.nic.in എന്ന സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484 2562235.