മുതലാളിത്തത്തിന് ബദലില്ലെന്ന പ്രചാരണമാണ് ദുഷ്പ്രവണതകൾ പാർട്ടിയിലേക്ക് കടന്നുവരാനുള്ള പശ്ചാത്തലമെന്ന് സിപിഐ എം

അഴിമതി, സാമൂഹ്യവിരുദ്ധ പ്രവർത്തനം എന്നിവയ്‌ക്കെതിരെ പാർടിക്കകത്തും പുറത്തും പോരാടി ജനവിശ്വാസമാർജിച്ച പ്രസ്ഥാനമാണ് സിപിഐ എം എന്നും ഈ പോരാട്ടം തുടർച്ചയായി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് പാർടിയുടെ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ദേശാാഭിമാനി ലേഖനത്തിൽ പറഞ്ഞു. 1996ൽ പാർടി അംഗീകരിച്ച തെറ്റുതിരുത്തൽ രേഖ പാർടി അംഗങ്ങളുടെ പൊതുപ്രവർത്തനത്തിലും വ്യക്തിജീവിതത്തിലും സംശുദ്ധി ഉറപ്പാക്കാനുള്ള ധീരമായ കാൽവയ്‌പായിരുന്നു. 2008ൽ കോയമ്പത്തൂരിൽ ചേർന്ന 19–ാം പാർടി കോൺഗ്രസ് 1996ലെ രേഖ പുതുക്കാനും തെറ്റുതിരുത്തൽ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാനും തീരുമാനിച്ചു. അതിന്റെ അടിസ്ഥാനത്തിൽ 2009ൽ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖയാണ് ഇപ്പോൾ പാർടിയുടെ മുമ്പിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർച്ചയായ പ്രവർത്തനം വേണമെന്നാണ് തീരുമാനം.

ബൂർഷ്വാസമൂഹത്തിൽ ജീവിക്കുന്ന പാർടി അംഗങ്ങളിലേക്ക് തെറ്റായ പ്രവണതകൾ കടന്നുവരാനുള്ള വലിയ സാധ്യതയുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്താനുള്ള നിർദേശങ്ങളാണ് 2009ൽ കേന്ദ്രകമ്മിറ്റി അംഗീകരിച്ചത്. ദുഷ്‌പ്രവണതകൾ പാർടിയിലേക്ക് കടന്നുവരാനുള്ള പശ്ചാത്തലം പാർടി വിശദീകരിച്ചിട്ടുണ്ട്. സോഷ്യലിസത്തിനുണ്ടായ തിരിച്ചടിയും മുതലാളിത്തത്തിന് ബദലില്ലെന്ന പ്രചാരണവും, കമ്പോള സമ്പദ്‌ വ്യവസ്ഥയുടെ മൂല്യങ്ങളുടെ വ്യാപനം, സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പിന്തിരിപ്പൻ ആശയങ്ങളുടെ വളർച്ച– ഇതൊക്കെയാണ് പ്രതികൂല സാഹചര്യമൊരുക്കുന്നത്. അതോടൊപ്പം മറ്റൊരു വസ്തുതകൂടി കണക്കിലെടുക്കണം. പാർടിയുടെ അടിസ്ഥാന ധാരണകളെപ്പറ്റിയും ലക്ഷ്യങ്ങളെപ്പറ്റിയും മനസ്സിലാക്കാൻ പുതുതായി പാർടിയിലേക്ക് വരുന്നവർക്ക് കഴിയുന്നില്ല; അല്ലെങ്കിൽ ശ്രമിക്കുന്നില്ല. ബൂർഷ്വാ പാർടികൾ നടത്തുന്ന പ്രവർത്തനരീതി നമുക്കറിയാം. പണമൊഴുക്കിയാണ് എല്ലാം ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ കാര്യം പറയാനില്ല. ഇതെല്ലാം പാർടി പ്രവർത്തകരിൽ തെറ്റായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനെതിരെയുള്ള ജാഗ്രത വർധിപ്പിക്കുക എന്നത് പാർടിയുടെ കടമയാണ്.

പാർടി കേന്ദ്രകമ്മിറ്റി 2008ൽ അംഗീകരിച്ച പുതുക്കിയ തെറ്റുതിരുത്തൽ രേഖയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പാർടിയിൽ സമാനതകളില്ലാത്ത പരിശോധനയാണ് നടന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത് സംസ്ഥാനത്തെ മുഴുവൻ ബ്രാഞ്ചും ചേർന്നു. ബ്രാഞ്ചുകൾ നടത്തിയ പരിശോധനയുടെ തുടർച്ചയായി ഏരിയാ തലത്തിൽ റിപ്പോർട്ട് തയ്യാറാക്കി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്താണ് ഏരിയ യോഗങ്ങൾ ചേർന്നത്. ഏരിയ കമ്മിറ്റികളുടെ റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാന കമ്മിറ്റി ബൃഹത്തായ രേഖ തയ്യാറാക്കി. ഈ പ്രക്രിയയുടെ തുടർച്ചയായാണ് 2013ൽ പാലക്കാട്ട്‌ സംസ്ഥാന പ്ലീനം ചേർന്ന് വ്യക്തമായ തീരുമാനങ്ങൾ എടുത്തത്.

ആഗോളവൽക്കരണത്തിന്റെ ഭാഗമായി തെറ്റായ പ്രവണതകൾ പാർടി അംഗങ്ങളിൽ ഉണ്ടാകാനുള്ള സാധ്യത അംഗീകരിച്ചുകൊണ്ടുതന്നെ, തെറ്റ് തിരുത്തുന്നതിന് കർശനമായ നടപടി വേണമെന്നാണ് തീരുമാനിച്ചത്. വേഗത്തിൽ പണം സമ്പാദിക്കാനുള്ള ഒരു ഇടപാടിലും അംഗങ്ങൾ പങ്കെടുക്കാൻ പാടില്ലെന്ന് വ്യക്തമായി നിർദേശിച്ചു. പാർടിയുടെ അന്തസ്സിനും മൂല്യങ്ങൾക്കും നിരക്കാത്ത പ്രവർത്തനങ്ങൾ നടത്തുന്ന അംഗങ്ങളെ പാർടിക്കകത്ത് ചൂണ്ടിക്കാണിച്ചു. തെറ്റ്‌ തിരുത്താൻ അവസരംനൽകി. എന്നിട്ടും തിരുത്താൻ തയ്യാറാകാത്തവരെ അംഗത്വത്തിൽനിന്ന് ഒഴിവാക്കി. ഈ രീതിയിൽ വലിയ ഉൾപ്പാർടിസമരമാണ് ദുഷ്‌പ്രവണതകൾക്കെതിരെ നടത്തിയത്.

2013 നവംബറിൽ നടന്ന പാലക്കാട് പ്ലീനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനങ്ങളുടെയും മുന്നോട്ടുവച്ച നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതി ഓരോ വർഷവും പാർടി വിലയിരുത്തുന്നുണ്ട്. കാരണം, തെറ്റുതിരുത്തലും തെറ്റായ പ്രവണതകൾ തടയലും നിരന്തരമായ പ്രക്രിയയാണ്. സിപിഐ എമ്മിൽ അഞ്ചുലക്ഷം അംഗങ്ങളുണ്ട്. വർഗ–ബഹുജന സംഘടനകളിൽ ഒരു കോടിയോളം പേർ പ്രവർത്തിക്കുന്നു. ഇവരിൽ ഒരാളെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കുക എന്ന സമീപനമാണ് സ്വീകരിച്ചതെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.

Share This News

0Shares
0