പോക്സോ പീഡന കേസ് പ്രതിയെ സഹായിക്കൽ: മാത്യു കുഴലനാടനെതിരെ അവകാശലംഘന നോട്ടീസ്

പോക്സോ കേസിലെ പ്രതിയെ സഹായിച്ച കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെതിരെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എംഎൽഎ സ്പീപീക്കർക്ക് അവകാശലംഘനത്തിന് നോട്ടീസ് നൽകി. കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച് ചട്ടം 154 പ്രകാരമാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പോത്താനിക്കാട് പോലീസ് സ്റ്റേഷനിൽ 473 ക്രൈം നമ്പറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിലെ ഒന്നാം പ്രതിയായ പോത്താനിക്കാട് ഇടശേരികുന്നേൽ റിയാസിനെ സഹായിക്കുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടാം പ്രതിയാണ് ഷാൻ മുഹമ്മദ്. യൂത്ത് കോൺഗ്രസ് നേതാവായ ഈ പ്രതിയെ സംരക്ഷിക്കുകയും അയാൾക്കുവേണ്ടി മുൻകൂർ ജാമ്യാപേക്ഷ ഫയൽ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ സ്പീക്കർ എം ബി രാജേഷിന് അവകാശലംഘനത്തിന് നോട്ടീസ് നൽകിയത്.

പ്രതിയെ പിന്തുണച്ചും സംരക്ഷിക്കുമെന്ന് പരസ്യമായി പറഞ്ഞും ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തത് ഒരു നിയമസഭാ അംഗം എങ്ങനെയൊക്കെ സഭയ്ക്ക് പുറത്ത് പെരുമാറണം എന്നുള്ള പെരുമാറ്റ ചട്ടങ്ങളുടെയും പൊതുവായ സദാചാര തത്വങ്ങളുടെയും ലംഘനമാകുന്നു. മാത്യു കുഴൽനാടൻ്റെ ഈ പ്രവർത്തികൾ എംഎൽഎ പദവിക്ക് കളങ്കമായി തീരുകയും ഇതുവഴി അംഗങ്ങളുടെയും സഭയുടെയും അന്തസ്സിന് ഹാനി വരുത്തുകയും ചെയ്തെന്നും നോട്ടീസിൽ പറയുന്നു.

Share This News

0Shares
0