പൊലീസുകാർ തന്നെ കാണുമ്പോൾ സല്യൂട്ട് നൽകുന്നില്ലെന്ന് പരാതിയുന്നയിച്ച കോൺഗ്രസ് വിമതനായ തൃശൂർ മേയർ എം കെ വർഗീസിന് മറുപടിയുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് ആണ് മേയർക്ക് മറുപടി നൽകിയത്. കുറിപ്പിൻ്റെ പൂർണരൂപം ഇങ്ങനെ:
ഒരു വ്യക്തിയോടുള്ള / പദവിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രവർത്തിയാണ് സല്യൂട്ട്. റോഡിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർ അത് വഴി കടന്ന് പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാൻ വേണ്ടി ഉപചാരപൂർവ്വം നിർത്തിയിരിക്കുന്നവർ അല്ല, പകരം നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും, കാൽനടയാത്ര കാരുടെയും സുഗമമായ യാത്രയും, സുരക്ഷയും ഉറപ്പാക്കാൻ നിയോഗിച്ചവർ ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ട്രാഫിക് ഡ്യൂട്ടിയിൽ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥർ, അത് വഴി കടന്ന് പോകുന്ന ഉന്നതരെ സല്യൂട് ചെയ്യണമെന്ന് ആരും നിർബന്ധിക്കാത്തതിനു കാരണവും ഇത് തന്നെയാണ്. നഗരപിതാവിന്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയിൽ നിന്നും പൊതു ജനങ്ങളും, ഉദ്യോഗസ്ഥരും ഈ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രതീക്ഷിക്കുന്ന / ആഗ്രഹിക്കുന്ന ചില പ്രവർത്തങ്ങൾ ഉണ്ടാകും. എന്നാൽ, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും പൊതു നിരത്തിൽ വെയിലും, മഴയും, പൊടിയുമേറ്റ് ജോലി നിർവഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും പ്രോട്ടോകോൾ പ്രകാരമുള്ള ആദരവ് നൽകണമെന്ന് കാട്ടി കത്ത് അയച്ച് ആദരവ് പിടിച്ച് വാങ്ങാൻ ശ്രമിക്കുമ്പോൾ സത്യത്തിൽ ആദരവ് നഷ്ടപ്പെടുന്നത് പല മഹാരഥന്മാരും അലങ്കരിച്ചിരുന്ന ആ സ്ഥാനത്തിന് തന്നെയാണ്.