ശ്രീലങ്കയിലേക്ക് ഇന്ത്യ രണ്ടാം നിര ടീമിനെയാണ് അയച്ചിരിക്കുന്നതെന്ന കടുത്ത വിമർശനവുമായി ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ അർജുന രണതുംഗ. ഇതിന് സമ്മതംം മൂളിയ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെയും രൂക്ഷ വിമർശനം ഉയർത്തി മുൻ ലങ്കൻ ക്യാപ്റ്റൻ. രണ്ടാം നിര ടീമിനെ ശ്രീലങ്കൻ പര്യടനത്തിന് അയയ്ക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തീരുമാനം ശ്രീലങ്കൻ ക്രിക്കറ്റിനെ അപമാനിക്കലാണെെന്ന് രണതുംഗ കുറ്റപ്പെടുത്തി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന, ട്വന്റി-20 പരമ്പരയ്ക്ക് ഈ മാസം 13ന് തുടക്കം കുറിക്കാനിരിക്കെയാണ് വിമർശനവുമായി രണതുംഗ രംഗത്തെത്തിയത്.
വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീമിനെയാണ് ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ ഇംഗ്ലണ്ടിലേക്കയച്ചിരുന്നത്. ശ്രീലങ്കൻ പര്യടനത്തിനെത്തിയ ശിഖർ ധവാൻ്റെ നേതൃത്വത്തിലുള്ള ടീം മത്സരത്തിനു മുന്നോടിയായി ശ്രീലങ്കയിൽ ക്വാറന്റീനിലാണ്. ടീമിന്റെ വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറാണ്. മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവർ ടീമിലുണ്ട്. പര്യടനത്തിലെ ആദ്യ ഏകദിനം ഈ മാസം 13നാണ്. മുഖ്യ പരിശീലകൻ രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പമായിരുന്നു. രാഹുൽ ദ്രാവിഡാണ് ശ്രീലങ്കൻ പര്യടന ടീമിന്റെ പരിശീലകൻ.