യൂറോയിൽ തിങ്കളാഴ്ച നടന്നത് ഗോളുൽസവവും അട്ടിമറിയും. ആദ്യ മത്സരത്തിൽ സ്പെയിൻ ക്രൊയേഷ്യയെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കു പരാജയപ്പെടുത്തി ക്വാർട്ടറിലെത്തിയപ്പോൾ ക്വാർട്ടറിലേക്കുള്ള രണ്ടാമത്തെ മത്സരം ലോക ചാമ്പ്യൻമാരായ ഫ്രാൻസിൻ്റെ അവിശ്വസനീയമായ പുറത്താകലിനാണ് സാക്ഷ്യം വഹിച്ചത്. 3-3 സമനിലയിൽ നിന്നും പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ സ്വിറ്റ്സർലൻഡ്-ഫ്രാൻസ് മത്സത്തിൽ സൂപ്പർ താരം എംബാപ്പെയുടെ ഷോട്ട് തടഞ്ഞിട്ട സ്വിസ് ഗോളി സോമ്മറാണ് ഫ്രാൻസിൻ്റെ പരാജയത്തിൻ്റെ അവസാന ആണിയടിച്ചത്. 5-4 ൽ നിൽക്കുമ്പോഴായിരുന്നു എംബാപ്പെയുടെ ഷോട്ട്.
പ്രതീക്ഷകൾ മാറി മറിഞ്ഞ മത്സരത്തിൽ 15-ാം മിനിറ്റിൽ സെഫറോവിച്ചിലൂടെ സ്വിറ്റ്സർലൻഡായിരുന്നു ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. 57-ാം മിനിറ്റിലും 59-ാം മിനിറ്റിലും കരീം ബെൻസമ നേടിയ ഗോളുകളിലൂടെ ഫ്രാൻസ് മുന്നിലെത്തി. സ്വിറ്റ്സർലഡിന് ലഭിച്ച പെനാൻറ്റി തടുത്തിട്ട ഗോളി ലോറിസാണ് ഫ്രാൻസിൻ്റെ തിരിച്ചുവരവിന് തുടക്കമിട്ടു കൊടുത്തത്. 79-ാം മിനിറ്റിൽ പോഗ്ബയുടെ വെടിയുണ്ട ഷോട്ടിലൂടെ ഫ്രാൻസ് മൂന്നാം ഗോളിട്ടു. തുടർന്നങ്ങോട്ട് സ്വിറ്റ്സർലൻഡിൻ്റെ തിരിച്ചു വരവായിരുന്നു. 81-ാം മിനിറ്റിൽ സെഫറോവിച്ച് വീണ്ടും ഗോളിട്ടു. 90-ാം മിനിറ്റിൽ ഗാവ്രനോവിച്ച് സമനില ഗോളും അടിച്ചു. എക്സ്ട്രാ ടൈമിൽ ഗോൾ പിറന്നില്ല. തുടർന്നായിരുന്നു നെഞ്ചിടിപ്പേറ്റിയ പെനാൽറ്റി ഷൂട്ടൗട്ട്.
സ്പെയിൻ – ക്രൊയേഷ്യ മത്സരത്തിൽ 20-ാം മിനിറ്റിൽ പെഡ്രിയുടെ ഓൺ ഗോളിലൂടെ സ്പെയിനിൻ്റെ ഗോൾ വലയാണ് ആദ്യം കുലുങ്ങിയത്. 38-ാം മിനിറ്റിൽ സരാബിയയുടെ ഗോളിലൂടെ സ്പെയിൻ തിരിച്ചടിച്ചു. 57-ാം മിനിറ്റിൽ അപ്സിലിക്യേറ്റയും 76 -ാം മിനിറ്റിൽ ടോറസും നേടിയ ഗോളുകൾ സ്പെയിൻ്റെ വിജയമുറപ്പിച്ചെന്ന് തോന്നിപ്പിച്ചെങ്കിലും 85-ാം മിനിറ്റിൽ ഒർസിച്ചും ഇഞ്ചുറി ടൈമിൽ രണ്ടാം മിനിറ്റിൽ പാസലിച്ചും നേടിയ ഗോളുകളിലൂടെ ക്രൊയേഷ്യ അവിശ്വസനീയമായി തിരിച്ചു വന്നു. എന്നാൽ എക്‌സ്ട്രാ ടൈമിൽ മൊറാറ്റയുടെയും ഒയാർസബലിൻ്റെയും ഗോളുകൾ സ്പാനിഷ് വിജയം ഉറപ്പാക്കി.