കേരളത്തിൽ പെട്രോൾ വില നൂറു കടന്നു. തിരുവനന്തപുരത്ത് പാറശാലയിലും ഇടുക്കിയിൽ രാജകുമാരിയിലും പൂപ്പാറയിലുമടക്കം വ്യാഴാഴ്ച പെട്രോൾ വില നൂറുകടന്നു. ലീറ്ററിന് 100.04 രൂപയായി പാറശാലയിലെ വില. പൂപ്പാറയിൽ 100.09 രൂപയായി. 132 ദിവസങ്ങൾ കൊണ്ടാണ് പെട്രോൾ വില 90ൽ നിന്ന് നൂറിലേക്കെത്തിയത്. പെട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് വ്യാഴാഴ്ച കൂട്ടിയത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 99.8 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 97.98 രൂപയും ഡീസലിന് 93.10 രൂപയുമായി. പ്രീമിയം പെട്രോളിന് കേരളത്തിൽ നേരത്തെ തന്നെ നൂറു കടന്നിരുന്നു. രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം വന്നശേഷം മേയ് 4 മുതൽ പെട്രോൾ, ഡീസൽ വിലയിൽ തുടർച്ചയായ വർധനവുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണ വില വർധിപ്പിച്ചു. പെട്രോളിന് 7.54 രൂപയും ഡീസലിന് 8.13 രൂപയുമാണ് വർധനവുണ്ടായത്.