സംവരണ വിഷയത്തിൽ പ്രക്ഷോഭരംഗത്തുള്ള മറാത്തികളെ വിപ്ലവ രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കുന്നതായി മാവോയിസ്റ്റു കമ്യൂണിസ്റ്റു പാർട്ടിയുടെ ലഘുലേഖ. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് മഹാരാഷ്ട്ര സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി സഹ്യാദ്രിയുടെ പേരിലാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. ഒളിവിൽ പ്രവർത്തിക്കുന്ന മുതിർന്ന മാവോയിസ്റ്റ് നേതാവ് മിലിന്ദ് ടെൽതുമ്പ്‌ഡെയുടെ അപരനാമമാണ് സഹ്യാദ്രിയെന്ന് പോലീസ് വിശ്വസിക്കുന്നു. ഡോ. ബി ആർ അംബേദ്കറുടെ കുടുംബാംഗംകൂടിയാണ് മിലിന്ദ് ടെൽതുമ്പ്‌ഡെ. മറാത്തക്കാരെ അഭിസംഭോധന ചെയ്തുകൊണ്ടുള്ള ലഘുലേഖയിൽ പറയുന്നതിങ്ങനെ.
“മറാത്തക്കാർ കൂടുതലും ദരിദ്ര കർഷകരാണ്. സ്വാതന്ത്ര്യാനന്തരം, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്ക് മറ്റുള്ളവരുമായി തുല്യതയിലെത്താനാണ് സംവരണം ഏർപ്പെടുത്തിയത്. എന്നാൽ അവർക്ക് സാമൂഹിക സമത്വവും നീതിയും നേടാൻ കഴിഞ്ഞിട്ടില്ല. പിന്നാക്കം പോയവരെ മുന്നോട്ട് കൊണ്ടുവരാൻ ഹ്രസ്വകാലത്തേക്ക് മാത്രമേ സംവരണത്തിന് കഴിയൂ. അത്രത്തോളം ഞങ്ങൾ സംവരണത്തെ പിന്തുണയ്ക്കുന്നു. പക്ഷെ ഇതിലുണ്ടാകുന്ന വിജയം ഭരണവർഗങ്ങളുടെയും നടപ്പാക്കുന്ന അധികാരികളുടെയും ഉദ്ദേശത്തെ ആശ്രയിച്ചിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ ഉദ്ദേശം ശരിയായിട്ടുള്ളതല്ല. അവരെല്ലാം സാമ്രാജ്യത്വത്തിന്റെയും മുതലാളിമാരുടെയും ഏജന്റുമാരാണ്. അവർ നിങ്ങളുടെ താൽപ്പര്യത്തിനായി പ്രവർത്തിക്കാൻ ഒരിക്കലും ശ്രമിക്കില്ല.
സ്വരാജി(സ്വയംഭരണം)നായുള്ള ശിവാജിയുടെ പോരാട്ടത്തിൽ മുൻകൈയെടുത്തത് മറാഠികളാണ്. ശിവാജിയുടെ പടയാളികളായിരുന്ന മറാഠികൾക്ക് ഗറില്ലാ യുദ്ധ തന്ത്രങ്ങൾ സ്വീകരിക്കാനുള്ള സമയം വന്നിരിക്കുകയാണ്. മാവോയിസ്റ്റ് നിരയിൽ ചേരാനും വിപ്ലവത്തിന്റെ പാത സ്വീകരിക്കാനും ശിവാജി മഹാരാജിന്റെ യഥാർത്ഥ അനുയായികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു”.
ലഘുലേഖയുടെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മഹാരാഷ്ട്രയിൽ ഗഡ്ചിരോളി കേന്ദ്രമാക്കിയാണ് മാവോയിസ്റ്റു കമ്യൂണിസ്റ്റുകളുടെ പ്രവർത്തനം. ജോലിയിലും വിദ്യാഭ്യാസത്തിലും മറാഠികൾക്ക് ഏർപ്പെടുത്തിയിരുന്ന സംവരണം അടുത്തിടെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മഹാരാഷ്ട്ര ജനസംഖ്യയിൽ 32 ശതമാനമാനത്തോളം വരും മറാഠികൾ.