അർജന്റീന ഒരിക്കലും തന്നെ അമിതമായി ആശ്രയിച്ചിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ലയണൽ മെസ്സി. അർജന്റീന തന്നെ അമിതമായി ആശ്രയിക്കുന്നുവെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മെസ്സി.
കോപ്പ അമേരിക്ക ടൂർണമെൻ്റിൻ്റെ പശ്ചാത്തലത്താൻ മെസ്സി അർജൻ്റീനയിലെ കായിക ദിനപത്രമായ ഓലയോട് പ്രതികരിക്കുകയായിരുന്നു.
“ഒരു സമയത്തും ദേശീയ ടീം എന്നെ അമിതമായി ആശ്രയിച്ചിരുന്നില്ല. ഞങ്ങൾ എല്ലായ്പ്പോഴും ശക്തമായ ഒരു ടീമാകാനാണ് ശ്രമിച്ചിട്ടുള്ളത്. ഞങ്ങൾ ഒരു ശക്തമായ ടീമല്ലെങ്കിൽ, ഞങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതും ബുദ്ധിമുട്ടാകും. ഞങ്ങൾ ശക്തമായ ടീമായിയെന്ന് കരുതുന്നു. മിക്ക കളിക്കാരും വളരെക്കാലമായി ഒരുമിച്ച് പ്രവർത്തിക്കുന്നു. ഞങ്ങൾ ഇതിനകം ഒരു കോപ്പ അമേരിക്കയിൽ കളിച്ചിട്ടുണ്ട്. ആ അനുഭവം ഞങ്ങൾക്കുണ്ട്. ഞങ്ങൾ ശരിയായ പാതയിലാണെന്നാണ് ഞാൻ കരുതുന്നത്.
കോവിഡ് അപകടസാധ്യതയെക്കുറിച്ചും മെസ്സി പ്രതികരിച്ചു. “ഞങ്ങൾക്ക് ഇതേക്കുറിച്ച് ആശങ്കയുണ്ട്. അണുബാധയുടെ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ അത് സംഭവിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ളതെല്ലാം ഞങ്ങൾ ചെയ്യും” – മെസ്സി പറഞ്ഞു.