മെയ് 31ന് ഛത്തീസ്ഗഢിലെ ദന്തേവാഡയിൽ ആദിവാസി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പോലീസ് യുവതിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊല്ലുകയായിരുന്നുവെന്നും
മൃതദേഹം വികൃതമാക്കിയിരുന്നതായും കുടുംബം ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ലോക്കൽ പോലീസിന് കുടുംബം പരാതി നൽകിയിരിക്കുകയാണ്.
മെയ് 30ന് പുലർച്ചെ ഏതാനും വനിതാ കോൺസ്റ്റബിൾമാർ വീട്ടിലെത്തി, തന്നോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന
മകളെ അറസ്റ്റ് ചെയ്തുകൊണ്ടു പോവുകയായിരുന്നുവെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു. സമീപ ഗ്രാമങ്ങളിൽനിന്നും വന്ന പേരറിയാവുന്ന ഡിആർജി ഉദ്യോഗസ്ഥരും യുവതിയെ ബലമായി കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നു. മകളെ കൊണ്ടുപോയ വാഹനത്തിന്റെ പുറകെ അര കിലോമീറ്ററെങ്കിലും താൻ ഒടിയതായും അമ്മ പറയുന്നു. പിറ്റേന്ന് രാവിലെ പോലീസിനെ സമീപിച്ചപ്പോൾ ദന്തേവാഡയിലേക്ക് ചെല്ലാൻ പറഞ്ഞു. പോലീസ് വെടിവയ്പിൽ മകൾ മരിച്ചുവെന്നാണ് അവിടെ ചെന്നപ്പോൾ അറിയിച്ചത്.
യുവതിയുടെ സ്തനങ്ങൾ തുടകൾ, കൈകൾ എന്നിവയിൽ പരിക്കേറ്റിരുന്നതായി പരാതിയിൽ പറയുന്നുണ്ട്. ഗ്രാമത്തിലെ സർപഞ്ചും കുടുംബത്തിന്റെ ആരോപണത്തെ പിന്തുണച്ചു. യുവതിയെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ടുപോകുന്നത് ഗ്രാമം മുഴുവൻ കണ്ടതാണെന്ന് സർപ്പഞ്ച് പറഞ്ഞു.. ജൂണിൽ അവൾ വിവാഹിതയാകാൻ പോവുകുമായിരുന്നു. അഞ്ച് വർഷം മുമ്പ് മാവോയിസ്റ്റുകളുമായി അവൾ ബന്ധപ്പെട്ടിരുന്നുവെങ്കിലും കുറച്ച് വർഷങ്ങൾക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. അവരുടെ വീട്ടിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സർപഞ്ച് പറഞ്ഞു.
മാവോയിസ്റ്റുകളും ഡിആർജി ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് യുവതി മരിച്ചത് എന്നാണ് ബസ്തർ ഐജി പി സുന്ദർരാജ് അവകാശപ്പെടുന്നത്. പിഎൽജിഎ പ്ലാറ്റൂൺ നമ്പർ 16ൽ നിന്നുള്ള മാവോയിസ്റ്റ് കേഡർമാരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനയെ അടിസ്ഥാനമാക്കി മെയ് 31ന് ഗുമാൽനർ പ്രദേശത്ത് ഒരു ഓപ്പറേഷൻ ആരംഭിച്ചു. രാവിലെ 6.30 ഓടെ ദന്തേവാഡ ഡിആർജിയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. പിന്നീട് നടത്തിയ തിരച്ചിലിനിടെ ഒരു വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം കണ്ടെടുത്തു. അത് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന വനിതാ മാവോയിസ്റ്റിൻ്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. രണ്ട് നാടൻ ആയുധങ്ങളും സ്ഫോടകവസ്തുക്കളായ ഐഇഡികളും സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തതായും ഐജി പി സുന്ദർരാജ് അവകാശപ്പെടുന്നു. കീഴടങ്ങിയതും അറസ്റ്റിലായതുമായ എല്ലാ മാവോയിസ്റ്റുകളുടെയും ചോദ്യം ചെയ്യൽ രേഖകളിൽ യുവതി മാവോയിസ്റ്റുകളുടെ പീപ്പിൾസ് ലിബറേഷൻ ഗറില്ലാ ആർമിയുടെ പ്ലാറ്റൂൺ നമ്പർ 16ലെ അംഗമാണെന്നു വ്യക്തമായെന്ന് ദന്തേവാഡ എസ്പി അഭിഷേക് പല്ലവയും അവകാശപ്പെട്ടു.