‘മുട്ടിൽ വനംകൊള്ളയുടെ അന്വേഷണസംഘത്തിലെ മാറ്റം ദുരൂഹം’

മുട്ടിൽ വനം കൊള്ളയുടെ അന്വേഷണ സംഘത്തിൽ നിന്ന് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയത് പ്രതിഷേധാർഹവും ദുരൂഹവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വനം കൊള്ള കണ്ടെത്തുകയും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അക്ഷീണം പ്രവർത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽ നിന്നൊഴിവാക്കിയത് വനം മാഫിയയുടേയും അവർക്ക് പിന്നിലെ ഗൂഢസംഘത്തിന്റേയും താൽപര്യങ്ങൾ സംരക്ഷിക്കാനാണ്. സത്യസന്ധതയോടും കാര്യപ്രാപ്തിയോടും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്താൻ മാഫിയാ തലവൻമാരുടെ ജൽപ്നങ്ങൾ വനം മന്ത്രിയും വനം മേധാവിയും ഉപയോഗിക്കുകയാണ്. യഥാർഥത്തിൽ വനം റവന്യൂ വകുപ്പിലെ ഐ.എഫ്.എസ്, ഐ.എ.എസ് കാഡറിലുള്ള ചിലരെക്കുറിച്ചാണ് അന്വേഷണം വേണ്ടത്. വനം കൊള്ളക്ക് വഴി തെളിച്ചു കൊടുത്ത ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിറുത്തിക്കൊണ്ടുള്ള ജുഡീഷ്യൽ അന്വഷണത്തിലൂടെയെ സത്യം പുറത്തു വരികയുള്ളൂ.

ഉത്തരമേഖല സി.സി.എഫ്, പ്രിൻസിപ്പൽ സി സി എഫിന് നൽകിയ റിപ്പോർട്ട് എവിടെ പോയി? ഇക്കാര്യം അറിയാതെയാണോ റിപ്പോർട്ട് കിട്ടട്ടെ എന്ന് വനം മന്ത്രി ആവർത്തിക്കുന്നത്? കർഷകരെയും പട്ടിക വർഗ, പട്ടികജാതി വിഭാഗങ്ങളിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരെയും അടിമുടി കളിപ്പിച്ചു കൊണ്ടാണ് വൻ കൊള്ളക്ക് സർക്കാർ പച്ചക്കൊടി കാണിച്ചത്. കർഷക താൽപര്യം അപ്പാടെ ഇട്ടെറിഞ്ഞ് പുറമെ കർഷക സ്‌നേഹം നടിക്കുകയാണ് മന്ത്രിമാരും മുൻമന്ത്രിമാരും. കർഷകരുടെ അവകാശങ്ങളും ന്യായമായ ആവശ്യങ്ങളും സംരക്ഷിച്ചു കൊണ്ട് അവരുടെ മണ്ണിനും ജീവനോപാധികൾക്കും കാടിനും ജല സ്രോതസുകൾക്കും സംരക്ഷണം നൽകണം. വന, ഭൂ നിയമങ്ങൾ അട്ടിമറിക്കപ്പെടരുത്. ഒപ്പം സത്യസന്ധരായ ഉദ്യോഗസ്ഥരെയും വനം കൊള്ളക്കാരിൽനിന്ന് സംരക്ഷിക്കണമെന്ന് വി ഡി സതീശൻ പറഞ്ഞു. 17ന് വ്യാഴാഴ്ച പ്രതിപക്ഷനേതാവിന്റെയും ഉപനേതാവിന്റെയും നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധി സംഘം വയനാട് സന്ദർശിക്കും.

Share This News

0Shares
0