യൂറോ കപ്പിന് വെള്ളിയാഴ്ച പന്തുരുളാനിരിക്കെ ഫ്രാൻസിനെ സൂപ്പർ ഫേവറേറ്റായി പ്രഖ്യാപിച്ച് വിഖ്യാത പരിശീലകൻ ആഴ്സൻ വെങ്ങർ. ദിദിയർ ദിഷാം പരിശീലിപ്പിക്കുന്ന ഫ്രാൻസിനെ ഫേവറേറ്റ് ടീം എന്ന് പറഞ്ഞാൽ മതിയാവില്ല സൂപ്പർ ഫേവറേറ്റ് എന്നു തന്നെ പറയണമെന്നാണ് വെങ്ങറുടെ പക്ഷം. നിലവിലെ ലോക ചാമ്പ്യൻമാർ എന്നതിനു പുറമെ എംബാപ്പെ, കാൻ്റെ, പോഗ്ബെ, ബെൻസമെ, ഗ്രീസ്മാൻ, കോമാൻ, ജിറൗഡ് തുടങ്ങിയ വൻ താരനിരക്കു പുറമെ ലോകത്തേതൊരു ടീമിനോടും ഏറ്റുമുട്ടാൻ കഴിയുന്ന
ശക്തമായൊരു 11 അംഗ സംഘം ബെഞ്ചിലും ഫ്രാൻസിനുണ്ടെന്ന് മുൻ ആർസനൽ പരിശീലകനായ വെങ്ങർ ചൂണ്ടിക്കാട്ടുന്നു. രണ്ടോ മൂന്നോ പേരൊഴിച്ച് ഭൂരിഭാഗവും യുവനിരയടങ്ങിയ ഫ്രാൻസിൻ്റെ മുന്നേറ്റം ലോകം കാണാൻ കിടക്കുന്നതേയുള്ളൂവെന്നും മുൻ ഫ്രഞ്ച് താരവും നിലവിൽ ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡവലപ്മെൻ്റ് ചീഫുമായ വെങ്ങർ പറയുന്നു. ഗരേത് സൗത്ത് ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ടായിരിക്കും യൂറോയിൽ ഫ്രാൻസിന് ഏറ്റവും വെല്ലുവിളിയുയർത്തുകയെന്നും വെങ്ങർ പ്രവചിക്കുന്നു. ഹാരി കെയ്ൻ, ഹെൻഡേഴ്സൻ, മൗണ്ട്, ഫോഡൻ, ഗ്രീലിഷ്, ഡെക്ലാൻ റൈസ് എന്നിവരടങ്ങിയ മികച്ച കളിക്കാരുടെ നിര തന്നെ ഇംഗ്ലണ്ടിനുണ്ട്. ഇംഗ്ലണ്ടിനും ഭൂരിഭാഗവും യുവനിരയാണുള്ളത്.
ജർമനിനും ഹംഗറിയും നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗലും അടങ്ങിയ മരണ ഗ്രൂപ്പിലാണ് ഫ്രാൻസ്. 15ന് ജർമനിയുമായാണ് ഫ്രാൻസിൻ്റെ ആദ്യ മത്സരം. 13ന് ക്രോയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിൻ്റെ ആദ്യ മത്സരം. ചെക്ക് റിപ്പബ്ലിക്കും സ്കോട്ലൻഡുമാണ് ഗ്രൂപ്പിൽ ഇംഗ്ലണ്ടിൻ്റെ മറ്റ് എതിരാളികൾ.
24 ടീമുകൾ മാറ്റുരയ്ക്കുന്ന യൂറോ കപ്പിൻ്റെ ഫൈനൽ ലണ്ടനിലെ വെബ്ലിയിൽ അടുത്ത മാസം 11നാണ്. നാലു ടീമുകൾ വീതം ആറു ഗ്രൂപ്പുകളായാണ് മത്സരം. എട്ടു രാജ്യങ്ങളിലായാണ് മത്സരം നടക്കുക.ഇറ്റലിയും തുർക്കിയുമാണ് വെള്ളിയാഴ്ച ഇറ്റലിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. സ്വിറ്റ്സർലൻഡും വെയിൽസുമാണ് ഇറ്റലിയുടെ ഗ്രൂപ്പിലെ മറ്റംഗങ്ങൾ. ബെൽജിയം, ഡെൻമാർക്ക് ഫിൻലൻഡ്, റഷ്യ എന്നിവർ ഒരു ഗ്രൂപ്പിലാണ്. ഓസ്ട്രിയ, ഹോളണ്ട്, നോർത്ത് മാസിഡോണിയ, ഉക്രയിൻ എന്നിവരാണ് മറ്റൊരു ഗ്രൂപ്പിലുള്ളത്. പോളണ്ടും, സ്ലോവാക്യയും, സ്വീഡനും അടങ്ങിയ ഗ്രൂപ്പിലാണ് സ്പെയിൻ.