ഫ്ളാറ്റിലെ ക്രൂരപീഡനം: പ്രതിക്ക് വേറെയും ക്രിമിനൽ പശ്ചാത്തലം

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയ കേസിൽ പൊലീസ് തിരയുന്ന പ്രതി മാർട്ടിൻ ജോസഫ് മയക്കുമരുന്ന് കേസുകളിലും സാമ്പത്തിക കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് വിവരം കിട്ടി. കൊച്ചിയിൽ ആഡംബര സൗകര്യങ്ങളോടെയായിരുന്നു ജീവിതം നയിച്ചിരുന്നത്. അരലക്ഷം രൂപ വാടകയുള്ള ഫ്ളാറ്റിലായിരുന്നു താമസം. തൃശൂരിലെ വീടുമായി കാര്യമായ ബന്ധം പുലർത്തിയിരുന്നില്ല. ഇടയ്ക്കിടെ ആഡംബര കാറുകളിൽ നാട്ടിൽ വന്നുപോയിരുന്നെങ്കിലും നാട്ടുകാർക്കും കൂടുതൽ വിവരങ്ങൾ അറിയില്ലായിരുന്നു. കൊച്ചിയിൽ ബിസിനസാണെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. പൊലീസ് നടത്തിയ വിശദ അന്വേഷണത്തിൽ കഞ്ചാവു കേസിൽ ഉൾപ്പെട്ടിരുന്നതായി വ്യക്തമായി. ക്രിപ്റ്റോ കറൻസി, മണി ചെയിൻ ഇടപാടുകളിലൂടെയാണ് പണം സമ്പാദിച്ചിരുന്നതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
കണ്ണൂർ സ്വദേശിയായ 27 വയസുകാരിയെയാണ് ഒരു മാസത്തോളം കൊച്ചിയിലെ ഫ്ളാറ്റിൽ തടങ്കലിൽവച്ച് ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയത്.

കൊച്ചിയിൽ ഫാഷൻ ഡിസൈനറായി ജോലി നോക്കുമ്പോഴായിരുന്നു യുവതി മാർട്ടിനുമായി പരിചയത്തിലായത്. ഇവർ ഒരുമിച്ചു താമസിച്ചപ്പോഴാണ് മാർട്ടിൻ യുവതിയെ ക്രൂരപീഡനത്തിന് വിധേയയാക്കിയത്. ഫ്ളാറ്റിന് പുറത്തു പോവുകയോ വിവരം പുറത്തറിയിക്കുകയോ ചെയ്താൽ വീഡിയോയിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം തുടർന്നത്. മാർട്ടിൻ്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട ശേഷമാണ് യുവതിക്ക് പൊലീസിൽ പരാതിപ്പെടാൻ കഴിഞ്ഞത്. യുവതിയുടെ ശരീര മാസകലം ക്രൂര പീഡനത്തിന് ഇരയായതിൻ്റെ ഞെട്ടിക്കുന്ന പാടുകളുണ്ടായിരുന്നു. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനേത്തുടർന്ന് വനിതാ കമീഷൻ ഇടപെട്ടാണ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.

Share This News

0Shares
0