ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കുകയായിരുന്നു പ്രതിപക്ഷം. വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുസ്ലിം ലീഗിലെ എന്‍ ഷംസുദ്ദീനാണ് നോട്ടിസ് നല്‍കിയത്. എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല.
ഇന്ധന നികുതി കുറയ്ക്കാന്‍ ആകില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇന്ധന വിലയില്‍ നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടില്ലെന്നും അദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും ധനമന്ത്രി ചോദിച്ചു. വില വര്‍ധനവിന് കാരണം സംസ്ഥാനങ്ങളല്ല. ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത് യുപിഎ സര്‍ക്കാരാണ്. മോദി സര്‍ക്കാര്‍ അതു പിന്തുടര്‍ന്നു. ഇടതുപക്ഷം അതിനെ എതിര്‍ത്തപ്പോഴും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഒന്നും പറഞ്ഞില്ലെന്നും ധനമന്ത്രി പറഞ്ഞു.