ഭിന്ദ്രൻവാല പോസ്റ്റിന് മാപ്പു പറഞ്ഞ് ക്രിക്കറ്റ് താരം ഹർബജൻ സിങ്

ഖലിസ്ഥാൻ വാദി നേതാവായിരുന്ന ഭിന്ദ്രൻവാലക്ക് ആദരാഞ്ജലിയർപ്പിച്ചും രക്തസാക്ഷിയെന്നു വിശേഷിപ്പിച്ചുമുള്ള ഫോട്ടോ പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതിൽ രാജ്യത്തോടു മാപ്പു പറയുന്നതായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർബജൻ സിങ്. വാട്സ് ആപ്പ് വഴി ലഭിച്ച ഫോട്ടോ പോസ്റ്റാണ് താൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതെന്നും അതിൻ്റെ ഉള്ളടക്കം മനസിലാക്കാതെ പോസ്റ്റ് ചെയ്തതിൽ നിരുപാധികം മാപ്പു പറയുന്നതായും ഹർബജൻ പറഞ്ഞു. രക്തസാക്ഷികൾക്ക് പ്രണാമം എന്ന തലക്കെട്ട് ഇട്ടായിരുന്നു ഹർബജൻ്റെ വിവാദ ഫോട്ടൊ പോസ്റ്റ്. ഭിന്ദ്രൻവാലയും 1984ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ കൊല്ലപ്പെട്ട മറ്റു ഖലിസ്ഥാൻ വാദികളും ഫോട്ടോ പോസ്റ്റിൽ ഉണ്ടായിരുന്നു. പഞ്ചാബികളുടെ ഗുരുമുഖി ലിപിയിലായിരുന്നു അതിലെ എഴുത്ത്. “1984 ജൂൺ 1-ജൂൺ 6 ൽ ശ്രീ ഹർമന്ദിർ സാഹിബിൽ വച്ച് രക്തസാക്ഷികളായവർക്ക് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ’ എന്നായിരുന്നു എഴുതിയിരുന്നത്. ഹർബജനെതിരെ രൂക്ഷ വിമർശനമാണ് ഇതേത്തുടർന്ന് ഉണ്ടായത്. വിമർശനം ശക്തമായതോടെയാണ് താരം മാപ്പു പറഞ്ഞത്.
ഉള്ളടക്കം മനസിലാക്കാതെയാണ് താൻ പോസ്റ്റ് പങ്കുവച്ചതെന്നും ഫോട്ടോയിൽ ഉള്ളവരുടെ ആശയത്തെ അനുകൂലിക്കുന്നില്ലെന്നും താൻ ഒരു സിഖുകാരനും ഒന്നാമതായി ഇന്ത്യക്കാരനാണെന്നും ഹർബജൻ പറഞ്ഞു.

Share This News

0Shares
0