കെഎസ്ആർടിസി ദീർഘദൂര സർവീസ് നാളെ മുതൽ, 12നും 13നും ഓടില്ല; 17 മുതൽ പൂർണതോതിൽ

സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവീസുകൾ ബുധനനാഴ്ച മുതൽ യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് നടത്തുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ “എന്റെ കെഎസ്ആർടിസി” മൊബൈൽ ആപ്പ്, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ഈ സർവീസുകളിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി മുൻകൂട്ടി റിസർവ്വ് ചെയ്യാനുമാകും.

നാഷണൽ ഹൈവെ, എംസി റോഡ്, മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ​ദീർഘദൂര സർവീസുകൾ നടത്തുന്നത്. ഓർഡിനറി , ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവീസുകൾ നിലവിലുള്ളത് പോലെ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല. എന്നാൽ ആവശ്യ സർവീസുകൾക്കായുള്ള ബസുകൾ ഉണ്ടായിരിക്കും. പതിമൂന്നാംതീയതി ഉച്ചയ്ക്ക് ശേഷം ദീർഘദൂര ബസ് സർവീസ് പുനരാരംഭിക്കും.

ഇതിൽ യാത്രാക്കാർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ യാത്ര അനുവദിക്കുകയുള്ളൂ. കൂടാതെ ആവശ്യമുള്ള യാത്രാ രേഖകൾ ഉൾപ്പെടെ കൈയ്യിൽ കരുതണം. ബസുകളിൽ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കൂ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ജൂൺ 17 മുതൽ പൂർണമായും ദീർഘദൂര സർവീസുകൾ പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.

Share This News

0Shares
0