രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ഈ മാസം 21 മുതല്‍ ഇത് നിലവിൽവരും. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ നയപ്രകാരം വാക്സിന്‍ നിർമാതാക്കളിൽനിന്ന് 75 ശതമാനം വാക്‌സിൻ കേന്ദ്ര സർക്കാർ വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി കൈമാറും. 25 ശതമാനം വാക്‌സിൻ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം. സ്വകാര്യ ആശുപത്രികൾക്ക് നിശ്ചിത വിലയ്‌ക്ക് പുറമെ 150 രൂപ വരെ സർവീസ് ചാർജ് ഈടാക്കാം. സ്വകാര്യആശുപത്രികൾ വഴിയുള്ള വിതരണത്തിന് അതത് സംസ്ഥാന സർക്കാരുകൾ മേൽനോട്ടം വഹിക്കണം. 18 നും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിന്‍, കമ്പനികള്‍ പറയുന്ന വിലയ്ക്ക് സംസ്ഥാന സർക്കാരുകൾ നേരിട്ടുവാങ്ങി കുത്തിവയ്ക്കണമെന്ന മുന്‍നിലപാടിൽനിന്നാണ് കേന്ദ്ര സർക്കാർ പിൻമാറിയത്. യുവജനങ്ങളെ കൈയ്യൊഴിഞ്ഞ കേന്ദ്രസർക്കാർ നിലപാട് അവിവേകപരമാണെന്നും നയം പുനപരിശോധിക്കേണ്ടതാണെന്നും സുപ്രീംകോടതി ഇടക്കാലവിധിയിൽ വിമർശനം നടത്തിയിരുന്നു.