പെട്രോള്‍ വില നൂറു രൂപ കഴിഞ്ഞിട്ടും ചെറുവിരല്‍ അനക്കാത്ത കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് കാലത്ത് മഹാദുരിതത്തിലായ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് കോൺഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 37 ദിവസത്തിനിടയില്‍ 21 തവണ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരും നികുതിയിളവുപോലും നൽകാത്ത സംസ്ഥാന സര്‍ക്കാരും ഒരുപോലെ കുറ്റവാളികളാണ്. ഇത് വന്‍ വിലക്കയറ്റത്തിന് വഴിയൊരുക്കി.
അന്താരാഷ്ട്രവിപണയില്‍ ബെന്റ് ഇനം ക്രൂഡിന് വില 71 ഡോളറാണ്. 2008ല്‍ യുപിഎ ഭരണകാലത്ത് ക്രൂഡ് ഓയില്‍ വില 145.31 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് പെട്രോളിന് 50.62 രൂപയും ഡീസലിന് 34.86 രൂപയുമായിരുന്നു വില. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് ഇന്ധന വില കുറയ്ക്കുമെന്നു വാഗ്ദാനം നൽകിയാണ്.
പെട്രോളിന്റെ അടിസ്ഥാന വില ലിറ്ററിന് വെറും 34.19 ഉം ഡീസലിന് 36.32 ഉം രൂപയാണ്. ഇതിന്റെ മൂന്നിരട്ടി വിലയിട്ടാണ് ജനങ്ങളെ പിഴിയുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയാണ് വിലക്കുതിപ്പിന്റെ പ്രധാന ഘടകം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ പെട്രോളിന് 9.48 രൂപയായിരുന്ന എക്‌സൈസ് നികുതിയാണ് ഇപ്പോള്‍ 32.90 രൂപയായത്. ഡീസലിന് 3.56 രൂപയായിരുന്നത് 31.80 രൂപയായി.
സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 21.36 രൂപയും ഡീസലിന് 31.80 രൂപയുമാണ് നികുതി ചുമത്തുന്നത്. കൂടാതെ ഒരു രൂപ അധിക നികുതിയും ഒരു ശതമാനം സെസുമുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം. യുഡിഎഫ് സര്‍ക്കാര്‍ പെട്രോള്‍/ ഡീസല്‍ വില കുതിച്ചു കയറിയപ്പോള്‍ 4 തവണ അധിക നികുതി വേണ്ടെന്നു വച്ച് 619.17 കോടിയുടെ സമാശ്വാസം നല്കി. വര്‍ധിപ്പിച്ച വിലയുടെ അധികനികുതിയെങ്കിലും ഉപേക്ഷിക്കാന്‍ ഇടതുസര്‍ക്കാര്‍ തയാറാകണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ 23 ദിവസം തുടര്‍ച്ചയായി മോദി സര്‍ക്കാര്‍ ഇന്ധനവില മരവിപ്പിച്ചിരുന്നു. ഇന്ധനവില ഇപ്പോഴും നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നു വ്യക്തമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.