ഇന്ത്യൻ നേവിക്കായി ആറ് അത്യാധുനിക മുങ്ങിക്കപ്പലുകൾ നിർമിക്കാനുള്ള പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതായി റിപ്പോർട്ട്. നേവിയെ ശക്തിപ്പെടുത്തുകയും ഈ മേഖലയിൽ ചൈനയുടെ വളർന്നു വരുന്ന ശക്തിയെ പ്രതിരോധിക്കുകയുമാണ് ലക്ഷ്യംവെക്കുന്നതെന്നാണ് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. 43,000 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതി നൽകിയത്. വിദേശ കമ്പനികളുമായി ചേർന്ന് ഇന്ത്യയിലെ സ്വകാര്യ കമ്പനികളാകും ആറു മുങ്ങിക്കപ്പലുകളും നിർമിക്കുക. വെള്ളത്തിനടിയിൽ ദീർഘനേരം കഴിയാൻ കഴിയുന്നതും കൂടിയ പോരാട്ട ശക്തിയും ഉള്ളവയാകും പുതിയ മുങ്ങിക്കപ്പലുകൾ.
അതേസമയം, 2018ൽ നേവിക്കുവേണ്ടി 111 ഹെലിക്കോപ്റ്ററുകൾ നിർമിക്കാൻ ഇത്തരത്തിൽ 21,738 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയിരുന്നെങ്കിലും പദ്ധതിയിൽ പുരാഗതിയൊന്നും ഉണ്ടായില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.