ട്രംപിന് 2023 ജനുവരി 7 വരെ വിലക്കേർപ്പെടുത്തി ഫേസ്ബുക്ക്

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അക്കൗണ്ട് 2023 ജനുവരി 7 വരെ സസ്‌പെൻഡ് ചെയ്യുമെന്ന് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചു. അക്കൗണ്ട് തിരികെ അനുവദിക്കണമോ എന്നറിയാൻ അപ്പോഴത്തെ സാഹചര്യങ്ങൾ വിലയിരുത്തുമെന്നും ഫേസ്ബുക്ക് അറിയിച്ചു. രണ്ടുവർഷം കഴിഞ്ഞാൽ പൊതുജന സുരക്ഷയ്ക്കുള്ള അപകടസാധ്യത കുറഞ്ഞുവോയെന്ന് വിലയിരുത്തുമെന്ന് കമ്പനി വെള്ളിയാഴ്ച പോസ്റ്റിൽ പറഞ്ഞു. അക്രമ സംഭവങ്ങൾ, സമാധാനപരമായ സമ്മേളനത്തിനുള്ള നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ബാഹ്യ ഘടകങ്ങളെ വിലയിരുത്തും. പൊതു സുരക്ഷയ്ക്ക് അപ്പോഴും ഗുരുതരമായ അപകടസാധ്യതയുണ്ടെന്ന് നിർണ്ണയിക്കുകയാണെങ്കിൽ ഒരു നിശ്ചിത സമയത്തേക്കുകൂടി നിയന്ത്രണം നീട്ടും. അപകടസാധ്യത കുറയുന്നതുവരെ ഈ പ്രക്രിയ തുടരുമെന്നും കമ്പനി അറിയിച്ചു. ഈ വർഷം ജനുവരിയിൽ, അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തേത്തുടർന്ന് ട്രംപ് അനുകൂലികൾ നടത്തിയ അക്രമങ്ങളാണ് ട്രംപിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്യാനിടയാക്കിയത്. സ്ഥിതിഗതികൾ പരിശോധിച്ച ശേഷമാണ് സസ്പെൻഷൻ കാലയളവ് ഇപ്പോൾ രണ്ടു വർഷമാക്കി നിശ്ചയിച്ചത്. ആക്രമണത്തിന് പ്രേരണ നൽകിയതിനാൽ ട്വിറ്റർ ട്രംപിൻ്റെ അക്കൗണ്ട് സ്ഥിരമായിത്തന്നെ റദ്ദാക്കിയിരുന്നു.

Share This News

0Shares
0