അരയ്ക്കു താഴെ തളർന്ന ശാരീരികാവസ്ഥയിലും ഉപജീവനം ജലാശയസംരക്ഷണംകൂടിയാക്കി മാറ്റിയ രാജപ്പൻ ചേട്ടന് അന്താരാഷ്ട്ര പുരസ്കാരം. ആർപ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ എൻ എസ് രാജപ്പനാണ് തായ് വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇന്റർനാഷണലിന്റെ വേൾഡ് പ്രൊട്ടക്ഷൻ അവാർഡ് ലഭിച്ചത്. 10,000 യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ ചേട്ടൻ വള്ളത്തിൽ സഞ്ചരിച്ച് ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന വാർത്ത മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇവ വിൽപ്പന നടത്തിയാണ് അദ്ദേഹം ജീവിക്കുന്നത്. വില്ലൂന്നി സ്വദേശിയായ കെ എസ് നന്ദുവാണ് ചിത്രം എടുക്കുന്നതും മാധ്യമങ്ങളെ അറിയിക്കുന്നതും. പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകൾ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പ്രശംസാപത്രത്തിൽ പറയുന്നു.