അന്തരിച്ച മുൻ മന്ത്രിമാരായ കെ ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങള്‍ പണിയുന്നതിനായി സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തി. രണ്ടു പേരുടെയും സ്മാരകങ്ങൾക്കായി രണ്ട് കോടി രൂപ വീതം മൊത്തം നാലു കോടി രൂപയാണ് വകയിരുത്തിയത്. മഹാത്മഗാന്ധി സര്‍വകലാശാലയിൽ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം വകയിരുത്തിയതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
അതേ സമയം, കോവിഡ് മഹാമാരിക്കിടെ ആർ ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം പണിയാൻ രണ്ടു കോടി രൂപ വകയിരുത്തിയതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക വിമർശനം ഉയരുകയാണ്. സിപിഐ എമ്മിൻ്റെ മുതിർന്ന നേതാവും മുൻ പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ നൽകിയ അഴിമതി കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ചരിത്രമുണ്ട് ബാലകൃഷ്ണപിള്ളയ്ക്ക്. സംസ്ഥാന ചരിത്രത്തിൽ അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ച ഏക മുൻ മന്ത്രി കൂടിയാണ് ബാലകൃഷ്ണപിള്ള.