സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കാൻ സി കെ ജാനുവിന് ബിജെപി സംസഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ 10 ലക്ഷത്തിന്റെ കള്ളപ്പണം നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിൻബലമേകുന്ന ഫോൺ സംഭാഷണം പുറത്ത്. ജാനുവിന്റെ പാർടിയായ ജനാധിപത്യ രാഷ്ട്രീയ പാർടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോടാണ് സി കെ ജാനുവിൻ്റെ പേര് പരാമർശിച്ച് സുരേന്ദ്രനെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടത്.നേരത്തെ എൻഡിഎ വിട്ട സി കെ ജാനു ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തിരിച്ചെത്തിയത്. സി കെ ജാനു 10 ലക്ഷം രൂപ ആവശ്യപ്പെട്ട കാര്യം കെ സുരേന്ദ്രനെ പ്രസീത അറിയിക്കുന്നതും തുക നൽകാമെന്ന് സുരേന്ദ്രൻ സമ്മതിക്കുന്നതുമായ ടെലിഫോൺ സംഭാഷണമാണ് പുറത്തുവന്നത്. കൊടകര കുഴൽപ്പണ കേസിനെ പ്രതിരോധിക്കാനായി മുമ്പ് നടത്തിയ പ്രസ്താവനയിൽ തെരഞ്ഞെടുപ്പിന്റെ ചെലവെല്ലാം ഡിജിറ്റലായാണ് നടത്തിയതെന്ന് സുരേന്ദ്രൻ അവകാശപ്പെട്ടിരുന്നു. എന്നാൽ സുരേന്ദ്രൻ പണം നേരിട്ട് എത്തിച്ചുവെന്ന റിപ്പോർട്ടുകൾക്ക് പിൻബലമേകുന്നതാണ് പുറത്തു വന്ന ഫോൺ സംഭാഷണം. കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം സംസ്ഥാന നേതൃത്വ്ത്തിലേക്ക് നീങ്ങാൻ സാധ്യത തുറന്നിട്ടിരിക്കുകയാണ് ഈ ഫോൺ സംഭാാഷണം.