കാൽ കോടിയോളം വിലവരുന്ന കഞ്ചാവ് പിടികൂടി

കാൽ കോടിയോളം വിലവരുന്ന കഞ്ചാവ് എക്സൈസ് പിടികൂടി. ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടികൂടിയത്‌. മഹാരാഷ്ട്രാ രജിസ്ട്രേഷനിലുള്ള ഹോണ്ട സിറ്റി കാറിൽ രണ്ട് പേർ ചേർന്ന് ആന്ധ്രയിൽ നിന്ന് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നതായി സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. അങ്കമാലി-ആലുവ ദേശീയപാതയിൽ കോട്ടായി ഭാഗത്തുവെച്ച് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കാറിൻ്റെ പിൻസീറ്റിനുളളിലായി രഹസ്യ അറയ്ക്കുള്ളിൽ 18 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 40 കിലയോളം വരുന്ന കഞ്ചാവ് കണ്ടെത്തിയത്.

കാറിലുണ്ടായിരുന്ന കൊട്ടാരക്കര പൂയ്യപ്പള്ളി സ്വദേശി രാജീവ്, മഹാരാഷ്ട്ര ചന്ദ്രപ്പൂർ സ്വദേശി എസ് കെ മുരുകൻ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെയും കഞ്ചാവും, കഞ്ചാവ് കടത്തി കൊണ്ടുവന്ന MH 34 k 4061എന്ന രജിസ്ട്രേഷൻ നംബരോടുകൂടിയ ഹോണ്ട സിറ്റി കാറും തുടർ നടപടികൾക്കായി ആലുവ എക്സൈസ് സർക്കിൾ പാർട്ടിക്ക് കൈമാറി. കഞ്ചാവ് പിടികൂടിയ സംഘത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സക്വാഡിൻ്റെ തലവനായ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിനെ കൂടാതെ ടീം അംഗങ്ങളായ സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ വി വിനോദ്, ടി ആർ മുകേഷ് കുമാർ, എസ് മധുസൂദനൻ നായർ, റോയി എം ജേക്കബ്ബ്, പ്രിവന്റീവ് ഓഫീസർമാരായ മുസ്തഫ ചോലയിൽ, ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ, വിശാഖ്, രാജേഷ്, ഷംനാദ്, മുഹമ്മദലി,എം എം അരുൺ, ബസന്ത്, അനൂപ് പി ജി, വനിതാ സിവിൽ എക്സൈസ് ഓഫീസറായ ധന്യ എം എ, എക്‌സൈസ് ഡ്രൈവർ കെ രാജീവ് എന്നിവരും പങ്കെടുത്തു.

Share This News

0Shares
0