കോൺഗ്രസ് തെരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ അവസാനഘട്ടത്തിൽ നിയമിച്ചത് ഭൂരിപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായെന്ന് ചെന്നിത്തല സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ പറഞ്ഞുവെന്ന റിപ്പോർട്ടുകളാട് പ്രതികരിച്ച് എ ഗ്രൂപ്പ്. ഇങ്ങനെയൊരു കത്ത് അയച്ചോയെന്ന് വ്യക്തമാക്കേണ്ടത് ചെന്നിത്തലയാണെന്ന് എ ഗ്രൂപ്പ് നേതാവ് കെ സി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല സോണിയഗാന്ധിക്ക് അയച്ച കത്തിൽ എന്തൊക്കെ പറഞ്ഞുവെന്ന് എനിക്കറിയില്ല. എന്നാൽ ഇങ്ങനെയൊരു വാർത്ത വന്ന സ്ഥിതിക്ക് അദ്ദേഹമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്. കത്തുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ട്. ഭൂരിപക്ഷ വോട്ടുകളല്ല പ്രതീക്ഷിച്ച പോലെ ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തതാണ് പരാജയത്തിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പിനിടെ സംഘടനാപരമായ പ്രശ്നമുണ്ടായ വയനാട്ടിലും പാലക്കാട്ടും ഇരിക്കൂരും ട്രമ്പിൾഷൂട്ടറായി ഓടിയെത്തിയത് ഉമ്മൻ ചാണ്ടിയാണ്.
പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട അശോക് ചവാൻ സമിതിയേക്കാൾ പ്രധാനമാണ് കെപിസിസി പ്രസിഡൻ്റ എഐസിസി അധ്യക്ഷയ്ക്ക് നൽകിയ റിപ്പോർട്ട്. അതു സമഗ്രമാണ്. ചവാൻ സമിതിയുടെ റിപ്പോർട്ട് വരുമ്പോൾ അതിൽ കെപിസിസി പ്രസിഡൻ്റിൻ്റെ നിഗമനങ്ങളും ഉണ്ടാവുമെന്നും കെസി ജോസഫ് പറഞ്ഞു.