കളി അവസാന മിനിറ്റുകളിലേക്ക് നീങ്ങിയതോടെ ചെൽസി പരിശീലകൻ തോമസ് തുഷേൽ ആവനാഴിയില അവസാന ആയുധം എടുത്തു. ഒരു മായാജാലക്കാരനേപ്പോലെ കൈകൾ ഗാലറികളിലേക്ക് ഉയർത്തി. ഗാലറിയിലെ നീല കടൽ പൊട്ടിത്തെറിക്കുന്നതാണ് പിന്നെ കാണുന്നത്. ഒറ്റ ഗോളിൻ്റെ ലീഡ് പ്രതിരോധിക്കാൻ വിയർപ്പൊഴുക്കിക്കൊണ്ടിരുന്ന ചെൽസി പ്രതിരോധ നിരയ്ക്കത് ഇരട്ടിക്കരുത്തേകി. മാഞ്ചസ്റ്റർ സിറ്റിയുടെ ലോകോത്തര മധ്യനിരയുൾപ്പടെ ചെൽസി ഗോൾമുഖത്തേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നെങ്കിലും നീലപ്പട കോട്ട കെട്ടി നിന്നു. അവസാന വിസിൽ മുഴങ്ങുമ്പോൾ ഒരൊറ്റ ഗോളിൻ്റെ പിൻബലത്തിൽ തന്നെ ചെൽസി ചാമ്പ്യൻസ് ലീഗിലെ പുതിയ കിരീടാവകാശികളായി. 2012 നു ശേഷം വീണ്ടുമൊരു ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻപട്ടം. കഴിഞ്ഞ തവണ റണ്ണറപ്പായ പിഎസ്ജിയുടെ പരിശീലകനായിരുന്നു തോമസ് തുഷേൽ. നടക്കാതെ പോയ അന്നത്തെ സ്വപ്നം ഇത്തവണ ചെൽസിയിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു തുഷേൽ. സാക്ഷാൽ പെപ് ഗാർഡിയോളയുടെ ടീമിനെയാണ് ഇത്തവണ ഫൈനലിൽ തകർത്തുവിട്ടതെന്ന സന്തോഷം അതിലേറെ. അവസാന വിസിൽ മുഴങ്ങിയപ്പോൾ പെപ് ഗാർഡിയോളയെത്തന്നെ തുഷേൽ കെട്ടിപ്പടിച്ച് സന്തോഷം പങ്കുവെച്ചു.
ഇരു ടീമുകളുടെയും ആവേശകരമായ മുന്നേറ്റങ്ങൾ കണ്ട ഒന്നാം പകുതിയുടെ
39 ആം മിനിറ്റിൽ സീനിയർ താരം തിയാഗോ സിൽവ മടങ്ങിയത് ചെൽസിയുടെ പ്രകടനത്തെ ബാധിച്ചിരുന്നു. 42 ആം മിനിറ്റിലായിരുന്നു ചെൽസിയുടെ വിജയഗോൾ പിറന്നത്. മൗണ്ടിന്റെ പാസിൽ നിന്നും പന്തുമായി മുന്നേറിയ ഹാവേസ് മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പറുടെ പ്രതിരോധം മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു. അവസാന മിനിറ്റുകളിൽ മാഞ്ചസ്റ്റർ സിറ്റി തിരിച്ചടിക്കാൻ നിരന്തരം ശ്രമിച്ചെങ്കിലും ചെൽസിയുടെ പ്രതിരോധം തകർക്കാനായില്ല. രണ്ടാം പകുതിയിൽ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റിയുടെ സീനിയർ താരം സെർജിയോ അഗ്വീറോ അവസാന നിമിഷം വരെ പൊരുതിയെങ്കിലും കണ്ണീരോടെയാണ് മടങ്ങിയത്. ചെൽസിയുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. മാഞ്ചസ്റ്റർ സിറ്റി കന്നിക്കിരീടം ലക്ഷ്യമിട്ടായിരുന്നു ഫൈനലിനിറങ്ങിയത്.