ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി കേരളത്തിലെ മുസ്ലീം സമുദായത്തിന് വേദനയും നിരാശയും ഉണ്ടാക്കുന്നതെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാര്. ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം പറഞ്ഞു. ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ മുസ്ലീം സമുദായത്തിനുള്ള ഭീമമായ കുറവിന് കാരണം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്. ഹൈക്കോടതി റദ്ദാക്കിയ സ്കോളര്‍ഷിപ്പിന്റെ ലക്ഷ്യം മുസ്ലീം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്കോളര്‍ഷിപ്പിനെ റദ്ദാക്കികൂടായെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
അതേസമയം, ഹൈക്കോടതി ഉത്തരവ് നീതിയുടെ വിജയമെന്നാണ് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് വ്യക്തമാക്കിയത്. ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും ആനുകൂല്യങ്ങളിലുമുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് നീതിയുടെ വിജയമാണെന്നും ദീർഘകാലമായി കേരളാ കൗൺസിൽ ഓഫ് ചർച്ചസും മറ്റു ക്രൈസ്തവ പ്രസ്ഥാനങ്ങളും ഉയർത്തിയിരുന്ന ഈ ആവശ്യം നീതിപൂർവകമായിരുന്നെന്ന് തെളിയിക്കുന്നതാണ് കോടതി ഉത്തരവെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) പ്രസ്താവനയിൽ പറഞ്ഞു.
വിധിയേക്കുറിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ പരസ്പര വിരുദ്ധ നിലപാട് സ്വീകരിച്ചതോടെ സർക്കാരും വിഷമസന്ധിയിലായിരിക്കുകയാണ്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകിയാൽ ക്രിസ്ത്യൻ സഭകളുടെ എതിർപ്പു നേരിടേണ്ടി വരും. അപ്പീൽ നൽകണമെന്നാണ് എൽഡിഎഫ് സഖ്യകക്ഷിയായ ഐഎൻഎൽ അടക്കമുള മുസ്ലീം സംഘടനകൾ ആവശ്യപ്പെടുന്നത്.