പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി കേന്ദ്രം; അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഇറക്കി

കൊവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സിഎഎ വിരുദ്ധ സമരം നിലച്ചതിനു പിന്നാലെ ദേശീയ പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. രാജ്യത്തെ മുസ്ലിം ഇതര വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കി. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തിയ ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ബുദ്ധ, ജെയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവരാണ് അപേക്ഷ നല്‍കേണ്ടതെന്നും വിജ്ഞാപനത്തില്‍ പറയുന്നു. 2019ല്‍ കൊണ്ടുവന്ന നിയമമനുസരിച്ച് ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് 2015ന് മുമ്പ് ഇന്ത്യയിലെത്തിയ അമുസ്ലിങ്ങളായ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം നല്‍കുക. കോവിഡ് വാക്‌സിനേഷന്‍ യജ്ഞം പൂര്‍ത്തിയായ ശേഷം രാജ്യമാകെ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ചിരുന്നു.

Share This News

0Shares
0