പൃഥ്വിരാജിനെ അസഭ്യം പറഞ്ഞു കൊണ്ട് ജനം ടി വി ഓൺലൈനിൽ വന്ന ലേഖനത്തെ തള്ളിപ്പറഞ്ഞ് ജനം ടി വി ചെയർമാൻ കൂടിയായ സംവിധായകൻ പ്രിയദർശനും രംഗത്ത്. ജനം ടി വി എഡിറ്ററാണ് അസഭ്യലേഖനം എഴുതിയത്. തൊട്ടുപിന്നാലെ സിനിമാ മേഖലയിൽ നിനും വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ലേഖനം പിൻവലിച്ചു. ഈ വിഷയത്തിൽ ജനം ടി വി യുടെ പേരെടുത്തു പറയാതെയാണ് പ്രിയദർശൻ്റെ തള്ളിപ്പറയൽ. സമ്മർദ്ദത്തേത്തുടർന്ന് അസഭ്യ ലേഖനത്തെ തള്ളിപ്പറയാൻ പ്രിയദർശൻ നിർബന്ധിതനാവുകയായിരുന്നു എന്നു വേണം കരുതാൻ. പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിൻ്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്.”
ജനം ടി വി എഡിറ്റര്‍ ജി കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിലായിരുന്നു അസഭ്യ പരാമര്‍ശങ്ങള്‍.’പൃഥ്വിരാജിന്റെ കണ്ണീര് വീണ്ടും ജിഹാദികള്‍ക്കു വേണ്ടി’ എന്നായിരുന്നു ലേഖനത്തിന്റെ തലക്കെട്ട്.
“സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകു’മെന്നുമായിരുന്നു ലേഖനത്തില്‍ പറഞ്ഞത്.