അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് സമവായമുണ്ടാക്കുമെന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവന ആശങ്ക ഉണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിന്റെ പരിസ്ഥിതിക്കായി ജീവിച്ച എത്രയോപേര്‍ ഉപേക്ഷിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതാണ്. വലിയ ഭൂരിപക്ഷത്തോടെയുള്ള ഭരണം ഒരു വ്യക്തിയുടെപോലും അഭിപ്രായം ശ്രദ്ധയോടെയും നിഷ്പക്ഷമായും കേള്‍ക്കാനുള്ള ചുമതലയാണ് ഈ സര്‍ക്കാരിന് മുകളില്വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും കെ കൃഷ്ണന്‍കുട്ടിയില്‍ നിന്നും ഉയര്‍ന്ന പരിസ്ഥിതി ബോധത്തോടെയുള്ള, ആധുനിക ലോകത്തിനിണങ്ങുന്ന തീരുമാനം പ്രതീക്ഷിക്കുന്നു.
കാലാവസ്ഥാമാറ്റത്തിലൂടെ, കനത്തമഴയുടെയും ആവര്‍ത്തിക്കുന്ന പ്രളയങ്ങളിിലൂടെയും കടന്നുപോകുന്ന കാലത്ത് വന്ജലവൈദ്യുതപദ്ധതികളല്ല കേരളത്തിന് വേണ്ടത്. പരിസ്ഥിതിയെ മാറ്റി മറിച്ചുകൊണ്ടുള്ള ഒരു വന്‍കിടപദ്ധതിയും ഇനി കേരളത്തിന്റെ പരിസ്ഥിതി താങ്ങില്ല. ഇപ്പോള്‍ത്തനെ കടല്‍കയറിയും പുഴകള്‍ കരകവിഞ്ഞും മലകളിടിഞ്ഞും പ്രകൃതി തിരിച്ചടിക്കുന്നത് ഏറ്റുവാങ്ങുകയാണ് നമ്മള്. വ്യത്യസ്ത അഭിപ്രായങ്ങളും ശാസ്ത്ര സത്യങ്ങളും ഉള്‍ക്കൊണ്ടേ മുന്നോട്ട് പോകാനാവൂ. അതിരപ്പള്ളി പദ്ധതി വേണ്ട എന്നതുതന്നെയാണ് യുഡിഎഫിന്റെ നേരത്തെയുള്ള അസന്നിഗ്ദ നിലപാട്. ഇതേ നിലപാടായിരിക്കും യുഡിഎഫ് ഇക്കാര്യത്തില്‍ തുടർന്നും സ്വീകരിക്കുകയെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.