സഹ ഗുസ്തി താരത്തെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാർ മർദ്ദന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിരുന്നുവെന്ന് പോലീസ്. തന്നേക്കുറിച്ച് മറ്റു ഗുസ്തി താരങ്ങൾക്കിടയിൽ ഭയം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണിതെന്ന് പൊലീസ് പറയുന്നു. മെയ് നാലിനായിരുന്നു ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ വച്ച് 36 കാരനായ സുശീൽ കുമാറും സുഹൃത്തുക്കളും ചേർന്ന് 23 കാരനായ ജൂനിയർ ഗുസ്തിതാരം സാഗർ റാണെയെ മർദിച്ച് കൊലപ്പെടുത്തിയത്. സാഗറിനെ മൃഗത്തെ എന്ന പോലെ മർദ്ദിച്ചുവെന്നും സുശീൽ കുമാറിൻ്റെ ആവശ്യപ്രകാരം സുഹൃത്ത് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഏറെ നാൾ ഒളിവിൽ കഴിയുകയായിരുന്ന സുശീൽ കുമാറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് സുശീൽ കുമാറിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. രണ്ട് ഒളിമ്പിക്സുകളിലായി രാജ്യത്തിനായി വെങ്കല, വെള്ളി മെഡലുകൾ നേടിയ താരത്തിൻ്റെ ചെയ്തിയിൽ കായികലോകം ഞെട്ടലിലാണ്.