ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ ന്യായീകരിച്ചും മുസ്ലീം ലീഗിനെ വിമർശിച്ചും എ വിജയരാഘവൻ. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതിന് പകരം അതിന്റെ പേരില്‍ വര്‍ഗ്ഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള മുസ്ലീംലീഗ് നീക്കം അപലപനീയമാണെന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ പ്രസ്‌താവനയിലൂടെ പ്രതികരിച്ചത്. ന്യൂനപക്ഷക്ഷേമ വകുപ്പ് ആര്‍ക്കോ കൊടുത്ത ശേഷം തിരിച്ചെടുത്തൂവെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം വസ്‌തുതാവിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനുസരിച്ചാണ് വകുപ്പ് വിഭജനം സംബന്ധിച്ച വിജ്ഞാപനം ഗവര്‍ണ്ണര്‍ പുറപ്പെടുവിക്കുന്നത്.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പൊതുവായ വിലയിരുത്തല്‍. മുസ്ലീം സമുദായത്തിന് എല്‍ഡിഎഫിലും സര്‍ക്കാരിലും കൂടുതല്‍ വിശ്വാസമുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചതാണ്. ഇതാണ് ലീഗിനെ വിറളി പിടിപ്പിക്കുന്നത്. മുസ്ലീം സമുദായത്തെ എക്കാലത്തും വഞ്ചിച്ച പാരമ്പര്യമാണ് ലീഗ് നേതൃത്വത്തിനുള്ളത്. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരന്തരം ന്യൂനപക്ഷ വിരുദ്ധ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൈാള്ളുന്നത്. അതിന് ശക്തിപകരുന്നതിന് പകരം മറിച്ച് പ്രചാരണം നടത്തുന്നത് ആരും അംഗീകരിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ദേശീയ തലത്തിലുണ്ടായ സച്ചാർ കമ്മിറ്റി റിoപ്പാർട്ടിനു പിന്നാലെ പ്രധാനമായും മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ, കേരളത്തിൽ വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ എൽഡിഎഫ് സർക്കാരാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് രൂപീകരിച്ചത്. പാലോളി മുഹമ്മദ് കുട്ടിയായിരുന്നു വകുപ്പ് മന്ത്രി. തുടർന്നു വന്ന യുഡിഎഫ് സർക്കാരും കഴിഞ്ഞ പിണറായി സർക്കാരും മുസ്ലീം സമുദായത്തിലുള്ളവരെത്തന്നെയാണ് വകുപ്പ് മന്ത്രിമാരാക്കിയത്. ന്യൂനപക്ഷമായ തങ്ങൾ വകുപ്പിൽനിന്നും വിവേചനം നേരിടുകയാണെന്ന് ക്രിസ്തീയ സഭകൾ പരാതിപ്പെട്ടിരുന്നു. ഇതിൻ്റെ പിന്നാലെയാണ് ഇത്തവണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത്. ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ സ്വാഗതം ചെയ്ത് കെസിബിസിയും കത്തോലിക്കാ കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഏറെ നാളത്തെ ആവശ്യം അംഗീകരിച്ചതിന് സർക്കാരിനോട് നന്ദി പറയുന്നുവെന്നാണ് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപ്പിള്ളി പ്രതികരിച്ചത്. അതേ സമയം, ആരുടെയും സമ്മർദ്ദത്തേത്തുടർന്നല്ല വകുപ്പ് ഏറ്റെടുത്തതെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുുള്ളത്.