സ്വയം ചെയ്യാം കൊവിഡ് ടെസ്റ്റ് , ഒരാഴ്ചക്കകം ടെസ്റ്റ് കിറ്റ് വ്യാപകമായി ലഭ്യമാകും

കോവിഡ് ടെസ്റ്റ് വീടുകളിൽ സ്വയം നടത്താൻ ഇന്ത്യയിൽ അനുമതിയായി. കൊവിസ് പരിശോധനാ കേന്ദ്രങ്ങളിലെ തിരക്കു പരിഗണിച്ചാണ് വ്യക്തികൾക്ക് സ്വയം പരിശോധന നടത്താനുള്ള റാപ്പിഡ് ആന്റിജൻ കിറ്റിന് ഐസിഎംആർ അംഗീകാരം നൽകിയത്. 250 രൂപ വിലയുള്ള കൊവി സെൽഫ് എന്ന കിറ്റ് മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാവും. ലക്ഷണങ്ങളുള്ളവർക്കും രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കും ഡോക്‌ടറുടെ കുറിപ്പടി ഇല്ലാതെ കിറ്റ് വാങ്ങാം. പൂനെയിലെ മൈലാബ് ഡിസ്‌കവറി സൊലൂഷൻസ് ആണ് ഇന്ത്യയിൽ കിറ്റ് നിർമിച്ചത്. യൂറോപ്പിലും അമേരിക്കയിലും ഇത്തരം കിറ്റുകൾ ലഭ്യമാണ്. ഫലമറിയാൻ 15മിനിട്ടു മതി.
പോസിറ്റീവായാൽ ആർടിപിസിആർ പരിശോധനയില്ലാതെ തന്നെ രോഗമുണ്ടെന്ന് ഉറപ്പിക്കാം. നെഗറ്റീവായവർ ആർടിപിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കണം. മൂക്കിൽ നിന്ന് സ്രവം എടുക്കാനുള്ള സ്വാബ് സ്റ്റിക്, ടെസ്റ്റ് കാർഡ് എന്നിവയും ഉപയോഗിക്കേണ്ടത് എങ്ങനെയെന്നുള്ള വിവരങ്ങളും ഉപയോഗശേഷം കളയാനുള്ള പ്ളാസ്റ്റിക് ബാഗും കിറ്റിലുണ്ടാകും. കിറ്റ് ഉപയോഗിക്കാൻ കൊവി സെൽഫ് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. പോസിറ്റീവായവർക്ക് ടെസ്റ്റ് കാർഡിന്റെ ഫോട്ടോ എടുത്ത് ആപ്പിലൂടെ അപ്‌ലോഡ് ചെയ്ത് ഐസിഎംആറിനെ നേരിട്ട് ഫലം അറിയിക്കാം തുടർ നടപടികളുടെ വിവരങ്ങളും ലഭ്യം.
അടുത്തയാഴ്ച മുതൽ ഏഴ് ലക്ഷം ഫാർമസികൾ വഴിയും ഓൺലൈൻ വിതരണക്കാർ വഴിയും രാജ്യത്താകെ കിറ്റ് ലഭിക്കുമെന്ന് മൈലാബ് ഡയറക്‌ടർ
സുജിത് ജെയിൻ പറഞ്ഞു.

Share This News

0Shares
0