രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനങ്ങൾതന്നെ കോർപ്പറേറ്റ് അജണ്ടയുടെ ഭാഗമെന്ന് വിമർശനം

രണ്ടാം പിണറായി മന്ത്രിസഭയുടെ ആദ്യമന്ത്രിസഭാ യോഗത്തിലെ പ്രഖ്യാപനങ്ങൾതന്നെ കോർപ്പറേറ്റ് അജണ്ടയുടെ ഭാഗമായവയാണെന്ന് സിപിഐ എം എൽ റെഡ്സ്റ്റാർ പൊളിറ്റ് ബ്യൂറോ അംഗം പി ജെ ജെയിംസ്. അദേഹത്തിൻ്റെ ഫേസ്ബുക് കുറിപ്പിലെ വിമർശനം ഇങ്ങനെ:

“രണ്ടാം പിണറായി സർക്കാർ “അതി ദാരിദ്ര്യം” ഇല്ലാതാക്കുന്നതെപ്പറ്റി
അഞ്ചു വർഷത്തിനുള്ളിൽ തന്റെ സർക്കാർ അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന് രണ്ടാം പിണറായി സർക്കാരിന്റെ പ്രഥമ മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിന്റെ പിറ്റേ ദിവസം കോർപ്പറേറ്റുകൾക്ക് കേരളത്തെ ബിസിനസ് സൗഹൃദമാക്കുകയാണ് തന്റെ ഗവണ്മെന്റിന്റെ മുഖ്യ യജണ്ടയെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്ന കാര്യവും ഈ സന്ദർഭത്തിൽ ഓർക്കണം. വാസ്തവത്തിൽ,നിക്ഷേപ സൗഹൃദമാക്കലും അതിദാരിദ്ര്യം ഇല്ലാതാക്കലും പ്രത്യക്ഷത്തിൽ വിരുദ്ധങ്ങളാണെന്നു തോന്നാമെങ്കിലും ഒരേ നവലിബറൽ കേന്ദ്രങ്ങളുടെ ആവിഷ്കാരങ്ങളാണെന്ന് തിരിച്ചറിയണം. ആഗോള തലത്തിൽ നവലിബറൽ കോർപ്പറേറ്റ് വൽകരണത്തിന് സൈദ്ധാന്തികവും പ്രായോഗികവുമായ ദിശാബോധംനൽകുന്ന സഹോദര സ്ഥാപനങ്ങളായ ലോക ബാങ്കും ഐഎംഎഫും (ബ്രട്ടൺവുഡ്സ് സ്ഥാപനങ്ങൾ) അവയുടെ ഈ അടുത്ത കാലത്തെ എല്ലാ റിപ്പോർട്ടുകളിലും പഠനങ്ങളിലും വ്യാപകമായി ഉപയോഗിച്ചു വരുന്നതാണ് ഈ രണ്ടു ആവിഷ്കാരങ്ങളും. ബ്രട്ടൺവുഡ്സ് സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ ഇതേ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാണ്.

ഉദാഹരണത്തിന്, ഒന്നാം പിണറായി സർക്കാർ അധികാരമേറ്റയുടനെ, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നവലിബറൽ സാമ്പത്തിക വിദഗ്ധയായ ഗീത ഗോപിനാഥിനെ (പിന്നീട് ഐഎംഎഫിന്റെ ചീഫ് ഇക്കോണമിസ്റ്റ് പദവി ഏറ്റെടുക്കുന്നതുവരെ അവർ ഉപദേശക സ്ഥാനത്തു തുടർന്നു) അവരോധിച്ചതിനൊപ്പം കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള നിർദേശങ്ങൾക്കായി ഐഎംഎഫ് – ലോക ബാങ്ക് ദ്വയത്തിന്റെ കൺസൾട്ടന്റ് കൂടിയായ KPMG യെ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കഴിഞ്ഞ 5 വർഷക്കാലത്തെ കോർപ്പറേറ്റ് അജണ്ട കൂടുതൽ തീവ്രമാക്കുമെന്ന പ്രഖ്യാപനമായിരുന്നു, ease of doing business ആവർത്തിച്ചു പരാമർശിച്ചു കൊണ്ട് ഫല പ്രഖ്യാപനത്തിനു പിന്നാലെ മുഖ്യമന്ത്രി നടത്തിയത്.

അതേസമയം, ലോക രാജ്യങ്ങൾ കോർപ്പറേറ്റ് മൂലധനത്തിന് രാജപാത ഒരുക്കുന്നതോടൊപ്പം, മഹാമാരിയുടെയും മറ്റും പശ്ചാത്തലത്തിൽ, ലോക വ്യാപകമായിക്കൊണ്ടിരിക്കുന്ന അതിദാരിദ്ര്യം പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ കൂടി ആവശ്യമുണ്ടെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ ഒരു വർഷമായി ബ്രട്ടൺ വുഡ്സ് സ്ഥാപനങ്ങൾ രംഗത്തുണ്ട്. ഇന്ത്യയെ സംബന്ധിച്ച പരാമർശങ്ങളിൽ ഐഎംഎഫ് ചീഫ് ഇക്കോണമിസ്റ്റ് ഇക്കാര്യം നിരന്തരം ഓർമ്മിപ്പിച്ചു വരുന്നു. ലോകത്തെ അതിദരിദ്രരുടെ എണ്ണം 2020 ൽ മാത്രം 9 കോടിയിലധികം കണ്ടു കൂടിയെന്നും അടിയന്തരമായ ഇടപെടലുകൾ ഉണ്ടാകാത്ത പക്ഷം, വ്യവസ്ഥക്കു ദോഷകരമാകും വിധം സാമൂഹ്യ സംഘർഷങ്ങൾ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ലോകബാങ്കിന്റെയും യുഎൻ ഏജൻസികളുടെയും ആഗോള എൻജിഒ – ഫണ്ടിങ്ങ് കേന്ദ്രങ്ങളും ഇപ്പോൾ ശക്തമാക്കിയിട്ടുമുണ്ട്. അതായത്, കോർപ്പറേറ്റ് വൽകരണവുമായി മുന്നോട്ടു പോകുന്ന ഭരണകൂടങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന നവഉദാര കേന്ദ്രങ്ങളുടെ നിർദ്ദേശങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ‘അതിദാരിദ്ര്യ’ ത്തെപ്പറ്റിയുള്ള പ്രസ്താവനകൾ കോർപറേറ്റ് വൽകരണത്തിന്റെ നടത്തിപ്പുകാർ തന്നെ ഇപ്പോൾ പറഞ്ഞു തുടങ്ങിയിരിക്കുന്നത്. അതേസമയം,അധ്വാനിക്കുന്ന ജനങ്ങളുടെയും പരിസ്ഥിതിയുടെയും മേലുള്ള കോർപ്പറേറ്റ് കൊള്ള അവസാനിപ്പിക്കുകയല്ല, മറിച്ച് അത് തീവ്രമാക്കുന്നതോടൊപ്പം, ചൂഷണം ചെയ്യപ്പെടുകയും പാർശ്വവൽകരിക്കപ്പെടുകയും ചെയ്യുന്ന ജനകോടികൾക്ക് സർക്കാരും കോർപ്പറേറ്റുകളും അവർ ഫണ്ടുചെയ്യുന്ന എൻജിഒകളും,ചാരിറ്റി പ്രവർത്തനങ്ങളിലൂടെ അതിജീവനം സാധ്യമാക്കണമെന്നതാണ് ഈ സമീപനത്തിന്റെ കാതൽ.

ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന നവലിബറൽ  കോർപറേറ്റുവൽകരണത്തിനും സമ്പത്തു കേന്ദ്രീകരണത്തിനും വിഘാതമാകാത്തവിധം ജനങ്ങളെ അരാഷ്ട്രീയവൽകരിച്ച് സർക്കാരിന്റെയും കോർപ്പറേറ്റുകളുടെയും ഭരണവർഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും  ചാരിറ്റി പ്രവർത്തനങ്ങളിലൂടെ അതി ദാരിദ്ര്യം കൈകാര്യം ചെയ്യുന്ന, കേരളത്തിൽ ഇതോടകം പ്രചാരം നേടിയിട്ടുള്ള കിറ്റും കിഴക്കമ്പലം മോഡലുംമറ്റും ഈ പശ്ചാത്തലത്തിലാണ് പ്രസക്തമാകുന്നത്. അതിൻപ്രകാരം, ഒരുഭാഗത്ത് തീവ്രവലത് സാമ്പത്തിക,രാഷ്ടീയ നയങ്ങൾ ഊർജിതമാകുമ്പോൾ ആ പ്രക്രിയക്കൊരു മാനവിക മുഖം നൽകാനാവുംവിധം മറുഭാഗത്ത് പുറന്തള്ളപ്പെടുന്ന സാമൂഹ്യ വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള, കൊട്ടിഘോഷിക്കപ്പെടുന്ന വിപുലമായ മാനങ്ങളുള്ള ചാരിറ്റിപ്രവർത്തനങ്ങളും കേരളത്തിൽ ഇനിയങ്ങോട്ട് പ്രതീക്ഷിക്കാം.

Share This News

0Shares
0